ലോകമെങ്ങും പനിക്കുന്നു ദൈവമേ നാളെ നേരം പുലരുനതെങ്ങനെ
- സച്ചിദാനന്ദന്‍
കഥകളെല്ലാം കൈകെട്ടിയിരിക്കുമ്പോള്‍ അവള്‍ ഒരു കെട്ടുകഥയായി മാറുകയായിരുന്നു ...!
വടക്ക് കിഴക്കേയറ്റത്ത് ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു നക്ഷത്രത്തെ അവള്‍ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു.
ഒട്ടകത്തെ അവള്‍ ആദ്യമായി കാണുന്നത് നേഴ്സറി ബുക്കിലെ താളുകളിലല്ല. അത് അടുക്കളയിലെ തീപ്പെട്ടികൂടിന്റെ മുതുകത്തായിരുന്നു. ആ ഒട്ടകത്തിന് ഒരു മുതുകു കൂടി വരച്ച് ചേര്‍ത്ത് അവളതിനെ ഇരട്ടമുതുകുള്ള ഒട്ടകമാക്കി മാറ്റി. എന്നിട്ട് ആ തീപ്പെട്ടികൂട് കണ്ണിനോട് ചേര്‍ത്ത് വച്ച് അവള്‍ അമ്മയെ നോക്കി. ആ ഒട്ടകത്തിനും അമ്മയ്ക്കും എന്തൊരു രൂപസാദൃശ്യം .... അത്ഭുതം തന്നെ ....
അവള്‍ വിളിച്ച നക്ഷത്രം വീട്ടിലേക്ക് വന്നില്ല. അത് അമ്മ മരിച്ച ക്രിസ്തുമസ്സായിരുന്നു.....!
നക്ഷത്രങ്ങള്‍ തമ്മില്‍ പറഞ്ഞു പിറുപിറുത്തത് അയാളെക്കുറിച്ചായിരുന്നു വയലിനക്കരെയുള്ള തോട്ടത്തില്‍ നിന്നാണ് അയാള്‍ വന്നത് .... കേക്കുകളെ നോക്കി വായില്‍ കപ്പലോടിച്ച് അയാള്‍ അവിടെ നിന്നു ..പക്ഷെ കേക്കുകളൊന്നും തന്നെ ഗൗനിക്കുന്നേയില്ല, വലിയ ഗൗരവത്തിലാണ് “ശരിയല്ലേ കേക്കിനൊക്കെയിപ്പോ എന്താ വെല...”
രാത്രി ഏങ്ങിയേങ്ങി കരഞ്ഞപ്പോള്‍ അവൾക്ക് ഒരു കാര്യമുറപ്പായിരുന്നു. അമ്മയതാ തന്‍റെ തൊട്ടടുത്തുണ്ട്. അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു വീടുമുറ്റത്തൊരു പുല്‍ക്കൂട് കാണണമെന്ന്. കൂടെ ക്രിസ്തുമസ് ട്രീയും. ഇതുവരെ ഞാനത് ഉണ്ടാകിയിട്ടേയില്ല. പക്ഷെ ഇത്തവണ ഉണ്ടാക്കണം ... തീര്‍ച്ചയായും ഉണ്ടാക്കണം ... കണ്ണുനീരിനെ താരാട്ടിന്‍റെ സംഗീതമാക്കി മിത്ര ഉറങ്ങി ....
അവള്‍ ആരോടും പറയാത്തൊരു കാര്യമുണ്ട്, അത് ഞാന്‍ പറഞ്ഞുതരാം.... അവളുടെ ക്രിസ്തുമസ് ട്രീയില്‍ ബലൂണോ, മാലബള്‍ബോ, അലങ്കാരങ്ങളോ ഒന്നും വേണ്ട...പകരം വെള്ള നിറത്തില്‍ ചുവന്ന പൊട്ടുതൊട്ട പൂമ്പാറ്റകളെ തൂക്കിയിടണം. കൈയെത്തും ദൂരത്ത് നിന്ന് ഇന്നലെയതേതോ പൂവില്‍ പോയൊളിച്ചു.
രാവിലെ മുതല്‍ അവള്‍ പൂമ്പാറ്റകളെ തേടിയിറങ്ങിയതാണ്. അവൾക്കറിയിലല്ലോ പൂമ്പാറ്റ പൂവിതള്ളിലൊളിച്ചിരിക്കുകയാണ് എന്ന്. തോട്ടത്തിനു നടുവിലെ നക്ഷത്രപ്പൂവില്‍ ഒരു കുഞ്ഞ് പൂമ്പാറ്റ. ഇതെല്ലം കണ്ടുകൊണ്ട് അയാള്‍ അവള്‍ക്കു പുറകിലുണ്ടായിരുന്നു. ആ പ്ലാവിന്‍റെ ചോട്ടില്‍ നിന്ന് അയാള്‍ കാഞ്ഞിരത്തിന്റെ ചോട്ടിലേക്ക് മാറിനിന്നു. കാഞ്ഞിരം പോലെ അയാളുടെ മനസും കയ്ച്ചു.
ഇപ്പോള്‍ അവള്‍ ഒരു ബോഡ് കളിയിലാണ്. കൈയ്യിലുള്ള കട്ട അവള്‍ മുകളിലേക്കെറിഞ്ഞു. കട്ട വീണത് ഏറ്റവും വലിയ അക്കമായ ആറിലാണ്.
ആറില്‍ ഒളിച്ചിരിക്കുനത് കുറുക്കനാണ്. കാഞ്ഞിരച്ചോട്ടിലെ അതേ കുറുക്കന്‍. ഇപ്പോള്‍ പക്ഷെ കട്ട കുറുക്കന്‍റെ കൈകളിലാണ്. അയാള്‍ കട്ടയെറിഞ്ഞു കൊണ്ടേയിരുന്നു. ഇപ്പോഴവള്‍ ചോരപറ്റിയ ഒരു പൂമ്പാറ്റയാണ്!! അയാള്‍ അവളുടെ കൈകളിലും കാലുകളിലും നീഡിലുകള്‍ കുത്തികയറ്റി. പൂമ്പാറ്റയുടെ ജീവരക്തം അയാള്‍ ആവോളം കുടിച്ചു. പൂമ്പാറ്റയുടെ ശരീരശാസ്ത്രം ദൃശ്യങ്ങളായി പകര്‍ത്തി, അത് നാടെങ്ങും ആഘോഷിക്കപ്പെട്ടു. ആ വെള്ള പൂമ്പാറ്റ ചുവന്ന മുറിപാടുകളേറ്റ് കരഞ്ഞു കൊണ്ടേയിരുന്നു.
മുറ്റത്തെ ക്രിസ്തുമസ്സ് ട്രീയില്‍ അവളന്ന് കുറേ ചതരഞ്ഞരഞ്ഞ പൂമ്പാറ്റകളെ തൂക്കി.
ഇപ്പോഴവൾക്ക് അവളോട് തന്നെ വെറുപ്പാണ്. സ്വന്തം ശരീരത്തില്‍ നോക്കുമ്പോള്‍ പുച്ഛം തോന്നുന്നു. അമ്മയെ കാണാന്‍ അവള്‍ക്ക് കൊതിതോന്നി. വഴികളെല്ലാം ആ വിഷക്കുപ്പിയിലേക്ക് വിരല്‍ ചൂണ്ടുന്നു.
എന്ത് വേണം ....അപ്പോഴും ഒന്നവള്‍ക്കറിയാമായിരുന്നു. കളി കഴിഞ്ഞ് രാജാവും, കാലാളും വന്നുവീഴുന്നത് ഒരേ പെട്ടിയിലാണ്...
കുറേ നാളായി ഒരു ചോദ്യചിഹ്നം അയാളെ പിന്തുടരുന്നു. അയാള്‍ ആ
ചോദ്യചിഹ്നം തിരിച്ചിട്ടു. എന്നിട്ട് അതില്‍ ഷർട്ടൂരി തൂക്കി. അതിന്‍റെ അടിയില്‍ കലച്ച് കിടപ്പുണ്ടായിരുന്നു ഒരു പൂമ്പാറ്റയുടെ ചോര....!!!
ദീപു എഴുത്തുനിര്‍ത്തി ഇനിയെന്തെഴുതും.. കൈ ചലിക്കുന്നില്ല ...അവന്‍ ചുറ്റും നോക്കി അതാ ഹാളില്‍ എല്ലാവരും എഴുതുകയാണ്... താനൊഴികെ. അവന്‍ പേപ്പറില്‍ കമിഴ്ന്ന് കിടന്നു.
പെട്ടെന്നതാ ആരോ പുറകില്‍ നിന്ന് വിളിക്കുന്നതു പോലെ. അത് ഒരു ചോരതുള്ളിയായിരുന്നു. ദീപു ചോരതുള്ളിയെ നോക്കി, എന്നിട്ട് ചോദിച്ചു "അവളെന്തിയേ... എന്‍റെ മിത്ര ... പാതിവഴിയില്‍ എനിക്കവളെ നഷ്‌ടമായി" "ദീപു.... അവള്‍ ഇന്ന് ഒരു യഥാർത്ഥൃമല്ലാതായിരിക്കുന്നു."
അതെ... അവള്‍ ഒരു കെട്ടുകഥയായി മാറുകയായിരുന്നു. ഡിസംബറിന്‍റെ തണുപ്പില്‍ ഉറഞ്ഞു പോയ ഒരു പൂമ്പാറ്റ.
ദീപു ചുറ്റും നോക്കി രക്തതുള്ളിയെ കാണാനില്ല. അവന്‍റെ ദേഷ്യവും സങ്കടവും ഇരട്ടിച്ചു. അവന്‍ ആ പേപ്പറിനു നടുവില്‍ കുത്തികീറി. കറുത്ത മഷി വെള്ളപ്പേപ്പറില്‍ പരന്നു. അവന്‍റെ കണ്ണില്‍ നിന്നും ഉപ്പുവെള്ളം വീണ് അത് ആ പേപ്പറിനെ കൂടുതല്‍ വികൃതമാക്കി കൊണ്ടിരുന്നു.
കണ്ണു തുടച്ച് അവന്‍ നോക്കുമ്പോള്‍ കുത്തികീറിയ വരകള്‍ക്ക് താഴെ കണ്ണീരുപോലെ ഒരു ചോരത്തുള്ളി. ആ രക്തവര്‍ണത്തിലേക്ക് അവന്‍ സൂക്ഷിച്ച് നോക്കി. അപ്പോള്‍ ആ ചോരതുള്ളിക്കുള്ളില്‍ ഒരു പൂമ്പാറ്റയുടെ
പിറവി നടക്കുന്നുണ്ടായിരുന്നു.
പ്രിയ വായനക്കാരാ, നിങ്ങള്‍ സന്തോഷിക്കുകയോന്നും വേണ്ട. നിമിഷ നേരം കൊണ്ട് കുട്ടപ്പന്‍ പോലീസ് നിങ്ങളെ അറസ്റ്റ് ചെയ്യും. എന്തിനെന്നോ,
അറിയില്ലേ... ഞാന്‍ പറഞ്ഞുതരാം... നിങ്ങളല്ലേ ആ പാവം പെൺകുട്ടിയുടെ
ജീവിതം നശിപ്പിച്ചത്.... വിവരം നല്‍കിയത് ഞാനാണ് ഞാന്‍ മാത്രം....
അതാ... കുമ്പസാരക്കൂട്ടിലെ ആ വൈദികന്‍ നിങ്ങള്‍ക്കരികിലെത്തികഴിഞ്ഞു. നിങ്ങളുടെ ജ്ഞാനസ്നാനം ആ കണ്ണുകളില്‍ നടക്കുന്നുണ്ട്.