കാലം കാത്തു വെച്ച കാല്

സുനിൽ ഏപ്രിൽ 27 , 2020ഭാഗം 1

ട്ടേ ട്ടേ.ട്ടേ..........
പുറത്തു വീഴുന്ന ചാട്ടയുടെ വേദനയിൽ പുളഞ്ഞു കൊണ്ട് ഉറക്കെ വിളിച്ചു കരഞ്ഞു
“അമ്മേ ....”
അടുത്ത അടികൊണ്ട ഞാൻ വീണുപോയി .ബ്ധിം......
കണ്ണു തുറന്നു നോക്കി ഒന്നും സംഭവിച്ചിട്ടില്ല .
കിടക്കയിൽ നിന്നും വീണതാണ്.
ഇടയ്ക്കിടെ തൻറെ ഉറക്കത്തെ നശിപ്പിച്ചിരുന്നു ആ പഴയ നശിച്ച ദുസ്വപ്നം വീണ്ടും ശല്യപ്പെടുത്തിയതാണ്.
മൊബൈലിൽ നോക്കി. സമയം രാത്രി രണ്ടു മണി. കിതപ്പ് മാറുന്നില്ല .ആകപ്പാടെ വിയർത്തു കുളിച്ചിട്ടു ണ്ട്. മൊബൈലിലെ അരണ്ട വെളിച്ചത്തിൽ ജഗ്ഗിൽ നിന്നും വെള്ളമെടുത്തു കുടിച്ചു .ജഗ്ഗു മുഴുവനും കാലി ആയിട്ടും ദാഹം തീരാത്ത പോലെ. സ്വപ്നം അത്രയ്ക്ക് ഭയാനകമായിരുന്നുവല്ലോ.
ദേവൂട്ടിയെ നോക്കി .
പാവം നല്ല ഉറക്കത്തിലാണ്. അല്ലെങ്കിലും അവളുടെ ജാതകത്തിൽ ശുക്രൻ പന്ത്രണ്ടിലാണല്ലോ.
സാധാരണ ഇത്തരം സംഭവങ്ങളിൽ വിളിച്ചുണർത്താറുള്ളതാണ്. പക്ഷേ ഇന്നെന്തുകൊണ്ടോ തോന്നുന്നില്ല .
നിദ്രാദേവി പൂർണമായും ടാറ്റാ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോവുകയാണ്. ശബ്ദമുണ്ടാക്കാതെ ബെഡ്റൂമിനൻറെ വാതിലടച്ച് പുറത്തേക്കിറങ്ങി.
സ്റ്റഡി റൂമിൽ കയറി ലൈറ്റിട്ടു.
പകുതി വായിച്ചു വെച്ചിരിക്കുന്ന ‘കൊഴിഞ്ഞ ഇലകൾ’ അവിടെ ഇരിപ്പുണ്ട്. വായിച്ചു കളയാം. ഇനിയും ഒരുപാട് നേരം വേണം, പുലരാൻ.
കണ്ണുകൾ പുസ്തകത്തിൽ ആയെങ്കിലും മനസ്സ് നവോദയയിൽ തന്നെ കുടുങ്ങിയിരിപ്പാണ്. കണ്ണന് വേണ്ടി കഥ പറയാൻ തുടങ്ങിയതാണ് പ്രശ്നമായത് .
അവൻറെ ചോദ്യം വീണ്ടും തികട്ടി വരുന്നു
,"അച്ഛൻ എന്നെങ്കിലും സ്റ്റാർ ആയിട്ടുണ്ടോ?"

സ്റ്റാർ ആയ ആ ദിവസം മനസ്സിലേക്ക് ഒഴുകിയെത്തി.
"ക്യാൻ എനിബഡി ആൻസർ?”
ഹിന്ദിയുടെ ചൂടിൽ വെന്ത ഇംഗ്ലീഷിലാണ് ചോദ്യം.
അസംബ്ലി ലൈനിലെ കാവേരി ഹൗസിൻറെ മൂന്നാമത്തെ വരിയിൽ നിന്നും പല്ലുന്തി നിൽക്കുന്ന ഒരു കൃശഗാത്രൻ ഉത്തരം പറയാം എന്ന ഭാവത്തോടെ കൈ പൊക്കി .

“യെസ് വാട്ട്സ് ഇറ്റ്?”
“a2+2ab+b2” പത്തു വയസ്സുകാരൻറെ ശബ്ദം പൊങ്ങി
"എനി പ്രാക്ടിക്കൽ ആപ്ലിക്കേഷൻസ്?"

"നിത്യ ജീവിതത്തിൽ എന്തെങ്കിലും ഉപയോഗം ഉണ്ടോ എന്നാണ് ചോദ്യം?"
ജെസ്സി മാഡത്തിൻറെ തർജ്ജമ രക്ഷക്കെത്തി.

യെസ്,
അഞ്ചിൽ അവസാനിക്കുന്ന സംഖ്യകളുടെ വർഗം കാണുന്നവിധം വിവരിച്ചു.പിന്നെ ചതുരത്തിലെ വിസ്തീർണ്ണവും.
ജെസ്സി മാഡം ഇംഗ്ലീഷിലേക്കാക്കി കൊടുത്തു.

"ബ്രില്യൻറ്"
ഇൻസ്പെക്ഷന് വന്ന സാർ അഭിമാനത്തോടെ പ്രിൻസിപ്പാളിനെയും ജെസ്സിമാഡത്തെയും നോക്കി,ഗമയോടെ ഞാൻ എല്ലാവരെയും.
എല്ലാവരുടെയും കണ്ണുകളിൽ വിവിധ വികാരങ്ങൾ….. എന്തൊക്കെയോ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. സ്പോർട്സ്, ഗെയിംസ് ഇതിലൊക്കെ മികവു നേടിയവരാണ് ഇതുവരെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.
നെഞ്ചൂന്നി കുറച്ചു ദൂരം ഓടി വരുമ്പോഴേക്കും ക്ഷീണിച്ചു വീഴുന്ന തന്നെ ആർക്കും വേണ്ടായിരുന്നു . ടീമിനെ ജയിപ്പിക്കാൻ തക്ക ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ കളിക്കുമ്പോഴും ടീമിൽ ചേർന്നാലെന്ത്, ഇല്ലെങ്കിലെന്ത്.

അടുക്കും ചിട്ടയുമായി വൃത്തിയായി നടക്കുന്നവരുടെ ലിസ്റ്റിലും എന്നും പിറകിൽ നിന്നും ഒന്നാമനാണ് താൻ .അതിനു വാങ്ങിക്കൂടിയിട്ടുള്ള ശിക്ഷകളാൽ സമ്പന്നമാണ് കുഞ്ഞുമനസ്സ്, ശരീരവും.
ശ്രമിച്ചിട്ടുണ്ട്, പലതവണ. ഒന്നാമതാകാനല്ല, ഒപ്പമെത്താനെങ്കിലും .
അങ്ങനെയുളള താനാണ് ഇന്ന് ഹൈദരാബാദിൽ നിന്നും ഇൻസ്പെക്ഷന് എത്തിയആളുടെ മുന്നിൽ വച്ച് മലമ്പുഴ നവോദയയുടെ അഭിമാനം ആകാശത്തേക്കുയർത്തി ഇരിക്കുന്നത്.
ചെറുപ്പം മുതൽ മുത്തശ്ശിക്കഥകൾക്കൊപ്പം കേട്ട കണക്കിലെ കളികൾക്ക് നന്ദി പറഞ്ഞു. അച്ഛനും അമ്മയും ചേച്ചിമാരും മാത്സ് കാരായതിന് നന്ദി പറഞ്ഞു.അസംബ്ലി കഴിഞ്ഞതും കുട്ടികൾ ക്ലാസ് റൂമിലെത്തിയതും ഒന്നും ഞാനറിഞ്ഞില്ല.
ആദ്യത്തെ പിരീഡ് പ്രമീള മാഡത്തിൻറേതാണ് .
ക്ലാസ്സിൽ എത്തിയതും മുഖത്ത് നോക്കി ചിരിച്ചു .

"ഗുഡ്
സോഷ്യലും ഇതുപോലെ ശ്രദ്ധിക്കണം" പല്ലവരാജാക്കന്മാരുടെ ഭരണ പരിഷ്കാരങ്ങൾ ആയിരുന്നു ക്ലാസിൽ.
പക്ഷേ എൻറെ മനസ്സ് അപ്പോഴും അസംബ്ലിയിൽ ആയിരുന്നു.

ഉച്ചയ്ക്ക് ഊണുകഴിക്കാൻ വിട്ടതും ഞാൻ എല്ലാവരുടെയും അടുത്തേക്ക് എത്താൻ ശ്രമിച്ചു.
മിക്കവാറും ആൾക്കാരും അസംബ്ലി സംഭവം മറന്നു കഴിഞ്ഞിരിക്കുന്നു.
പെൺകുട്ടികളിൽ ഒന്ന് രണ്ടു പേർ വന്നു 'സുനിൽ ഇന്ന് അസംബ്ലിയിൽ സ്റ്റാറായിട്ടോ' എന്ന് പറഞ്ഞുകൊണ്ട് പോയി. അതുകേട്ട് ഹരീഷ് പറഞ്ഞു "അത് ശരിയാണ് സുനിൽ, നീ ഇന്ന് ശരിക്കും സ്റ്റാറായി."
ഞാൻ ഗമയിൽ താങ്ക്യൂ എന്ന് പറഞ്ഞുകൊണ്ട് കൂടെ നടന്നിരുന്ന ഹരികൃഷ്ണൻറെ തോളിൽ കയ്യിട്ടു.
മുന്നോട്ടു നീങ്ങവേ, പിന്നിൽനിന്നും സയൻസ് ടീച്ചർ വിളിച്ചു. “സുനിൽ ഒന്ന് ഓഫീസ് വരെ വന്നിട്ട് പോകണം.”
ഞാൻ ഒന്നു പകച്ചു എന്തിനാണാവോ
"ഒന്നുമില്ല ഇൻസ്പെക്ഷൻ ടീമിന് എന്തൊക്കെയോ ചോദിക്കാനാണ്."
മാഡം എന്നെയും കൊണ്ടുപോയി ഹൈദരാബാദിൽ നിന്നും വന്ന സാർ എന്തൊക്കെയോ ചോദിച്ചു ഇംഗ്ലീഷ് അറിയാത്ത ഞാൻ മിഴിച്ചു നിന്നു,പിന്നെ ഞാൻ സയൻസ് മാഡത്തിനെ നോക്കിനിന്നു.
കുറച്ചുകഴിഞ്ഞപ്പോൾ മാഡം പറഞ്ഞു. "സുനിൽ പുറത്തുനിന്നോ.... വിളിക്കാം ...."
ഞാൻ പുറത്തിറങ്ങി നിന്നു
അവരുടെ സംസാരവും ചോദ്യവും ഒന്നുകൂടി അയവിറക്കി നോക്കി, എന്തെങ്കിലും ദഹിക്കുന്നുണ്ടോ .
ആകെ മനസ്സിലായത് ലാബ് റിയാക്ഷൻഎന്നീരണ്ടു വാക്കുകൾ മാത്രമാണ്. ചേച്ചി കോളേജിലെ വിശേഷം പറയുമ്പോൾ കേട്ടിട്ടുള്ള വാക്കാണ് ആദ്യത്തേത് .
മരുന്നു കഴിച്ച്അച്ഛച്ഛനെ ആസ്പത്രിയിൽ കൊണ്ടുപോകുമ്പോഴാണ് രണ്ടാമത്തെ വാക്ക്കേട്ടിട്ടുള്ളത്.
എന്തായാലും അല്പസമയത്തിനുള്ളിൽ അവർ പുറത്തിറങ്ങി.
'ഇവിടെ അതിനുള്ള റൂം ഇല്ല, ആ ബ്ലോക്കിൽ ആവാം' എന്നു പറഞ്ഞുകൊണ്ട് അങ്ങോട്ടുപോയി.
ഇതികർത്തവ്യതാമൂഢനായ ഞാൻ അവിടെത്തന്നെ നിന്നു.
ഏതാണ്ട് അര മണിക്കൂർ കഴിയാറായപ്പോൾ അവർ തിരിച്ചു വന്നു, എന്നെ കണ്ടു ചോദിച്ചു.
"നീ പോയില്ലേ.?!!"
ഞാൻ ഇല്ല എന്നയർത്ഥത്തിൽ തലയാട്ടി. "ഊണ് കഴിച്ചോ.?"
അതിനും ഞാൻ തലയാട്ടി, ഇല്ല എന്ന മട്ടിൽ.
"ആ സാർ ഇവിടെ സയൻസ് ലാബ് അനുവദിക്കാനായോ, കുട്ടികൾക്ക് അത് എത്രത്തോളം ഉപകാരപ്പെടും എന്നൊക്കെ കണക്കാക്കാൻ നിന്നോട് കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ വിളിപ്പിച്ചതായിരുന്നു. നീയെന്താ ഒന്നിനും ഉത്തരം പറയാതിരുന്നത് .
പേടിച്ചിട്ട് ആയിരുന്നോ?"
അതിനും ഞാൻ തലയാട്ടി.
ആണെന്നോ അല്ലെന്നോ ആർക്കും മനസ്സിലാകാത്ത തരത്തിൽ.

"വേഗം പോയി ഊണ് കഴിച്ചോ" മാഡം പറഞ്ഞു.
ഞാൻ ഓടിപ്പോയി മെസ്സിലെത്തി. എല്ലാവരും ഊണ് കഴിഞ്ഞ് പോയിരിക്കുന്നു .
നല്ല വിശപ്പുണ്ട്
ചോറു മാത്രമേയുള്ളൂ.
തൻറെ ഇഷ്ട വിഭവമായ മുട്ടക്കൂസ് ഉപ്പേരി തീർന്നിരിക്കുന്നു.
കാലിയായപാത്രം തന്നെ നോക്കി ഇളിക്കുന്നു.
പപ്പടവും തീർന്നു. എല്ലാവർക്കും മീൻ ഉണ്ടായിരുന്നു. വെജിറ്റേറിയൻ ആയ എനിക്ക് പഴമുണ്ട് പകരം.
ഞാൻ പഴം തപ്പുകയാണ് എന്ന് മനസ്സിലാക്കിയ മണിയേട്ടൻ വിളിച്ചുപറഞ്ഞു.
"ഇന്ന് എല്ലാം നേരത്തെ തീർന്നു പോയെടാ, നീ എവിടെയായിരുന്നു അടുത്ത തവണ ഒരു പഴം കൂടുതൽ തരാം."

ആർത്തിയോടെ എടുത്ത ചോറ് പകുതി കഴിഞ്ഞപ്പോഴേക്കും മതിയായി. കുറച്ച് പച്ച വെള്ളം കൂടി ഒഴിച്ച് കുഴക്കാൻ നോക്കി.
ശരിയാകുന്നില്ല പിന്നെ ചുറ്റുപാടും നോക്കി
ആരുമില്ല പറ്റിയതക്കം. ബാക്കി ചോറ് കളഞ്ഞിട്ട് ഒന്നുമറിയാത്തതുപോലെ പാത്രം കഴുകി വെച്ചിട്ട് ക്ലാസ്സിലേക്ക് ഓടി.

ഹരികൃഷ്ണൻ വന്ന് അടുത്തിരുന്ന് ചോദിച്ചു .
"എന്തിനായിരുന്നെടാ വിളിച്ചിരുന്നത്?"
'ഓ അതൊന്നും ഇല്ല' എന്നാലും ഞാൻ എനിക്ക് മനസ്സിലായതും മനസ്സിലാവാത്തതും കുറച്ചു പൊടിപ്പും തൊങ്ങലും ഒക്കെ കൂടി ചേർത്ത് വെച്ച് പറഞ്ഞു.
അല്ലെങ്കിലും ഹരികൃഷ്ണന് മറ്റുള്ളവർക്ക് ഇല്ലാത്ത ഒരു ഗുണമുണ്ട്; ഞാനെന്തു ബഡായിപറഞ്ഞാലും അവൻ വിശ്വസിച്ചോളും.
അനൂപിൻറേയും അനീഷിൻറേയും പ്രധാന ഹോബി ഞാൻ പറയുന്നതിൽ നിന്നും എന്ത് ഗ്യാപ്പ് കിട്ടുമെന്ന് നോക്കിയിരിക്കുകയാണ്, 'വായിനോക്കികൾ.'

മുന്നിലത്തെ ബെഞ്ചിലെ പെൺകുട്ടികൾ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ട്.ഞാൻ ഗമയിൽ തന്നെ ഇരുന്നു.
സമയം ചെല്ലുംതോറും ആൾക്കാരുടെ മുഖത്തെ ഭാവം കുറഞ്ഞുവരുന്നുണ്ട് എങ്കിലും എൻറെ മനസ്സിലെ പെരുമ്പറ കൊട്ടി കൊണ്ടേയിരുന്നു.
വൈകീട്ട് ചായക്ക് ചെറുപയർ ആയിരുന്നു.
ഉച്ചയ്ക്ക് ശരിക്ക് കഴിക്കാത്തത് കൊണ്ടാവും ഭയങ്കര വിശപ്പ് .ഞാൻ കിട്ടിയത് മുഴുവനും കഴിച്ചു
ചായയും കുടിച്ചു.
കുറച്ചു നേരം കഴിഞ്ഞതും ചെറിയൊരു വയറുവേദന പോലെ തോന്നി.
ഗ്യാസ് ആയിരിക്കും .

വേദന കാര്യമാക്കാതെ, ഉത്സാഹത്തോടെ കളിക്കാൻ ചെന്നു ബോബിൻറെ ടീമിലാണ് ചേർന്നത് .അവന് ഇന്ന് എന്നോട് ലേശം ഒരു ബഹുമാനം ഒക്കെ ഉണ്ട്. എനിക്ക് സന്തോഷം തോന്നി.
കളിയൊക്കെ കഴിഞ്ഞ് തിരിച്ചു നടക്കുമ്പോൾ ഭരത്ഭൂഷൺ ചോദിച്ചു എന്താടാ അസംബ്ലിയിലെ സംഭവം.
ഹരീഷ് അവരോട് പറഞ്ഞു കൊടുത്തു അപ്പോഴാണ് സംഭവം ബോബനും സതീഷും ഒക്കെ അറിയുന്നത് തന്നെ. അവരെ ആ സമയത്ത് കുര്യാക്കോസ് സാർ എന്തിനോകൂട്ടിക്കൊണ്ടു പോയിരുന്നവത്രേ.
അപ്പോൾ പിന്നെ ബോബിൻ കാണിച്ച ബഹുമാനം, എൻറെ തോന്നൽ മാത്രമായിരുന്നോ??
എന്തായാലും ബൂട്ട് ഊരി കൊണ്ട് ബോബിൻ പറഞ്ഞു
"കാവേരി ഹൗസ് സൂപ്പറല്ലേ."

കുളി കഴിഞ്ഞ് ഞാൻ വീണ്ടും ഹരികൃഷ്ണൻറെ അടുത്തെത്തി .പഠനം എങ്ങനെ കുറച്ചുകൂടി സൂപ്പർ ആക്കാം എന്നതാണ് ചർച്ചാവിഷയം.
അവൻ പറഞ്ഞു. "നീ സോഷ്യലും കൂടി ഒന്ന് ശ്രദ്ധിക്കണം."
"എടാ എനിക്ക് ഇംഗ്ലീഷിൽ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല അതാ പ്രശ്നം" ഞാൻ പറഞ്ഞു
"നമുക്ക് ഹരീഷിനെയും നമ്മുടെ കൂട്ടത്തിൽ കൂട്ടാം അവന് ഇംഗ്ലീഷ് ഒക്കെ നന്നായി വഴങ്ങും." ഹരികൃഷ്ണൻ പരിഹാരംനിർദേശിച്ചു.
"അയ്യോ വേണ്ട"
ഹരീഷിൻറെ കൈക്കരുത്ത് കഴിഞ്ഞാഴ്ച എന്തോ നിസ്സാര കാര്യത്തിന് തിരിച്ചറിഞ്ഞ ഞാൻ പറഞ്ഞു.
"അതു വേണ്ട നമുക്ക് സുശ്ശാന്തിനെ കൂട്ടാം."
സുശാന്ത് ആകുമ്പോൾ മുത്തശ്ശികഥകളിലോന്നും തീരെ പ്രാവീണ്യമില്ല അതുകൊണ്ട് എനിക്ക് ഇത്തിരി ഒക്കെ പിടിച്ചു നിൽക്കാം .
അവൻറെ ഭഗവദ്ഗീത ക്ലാസ് ഇടക്കിടക്ക് കേൾക്കാൻ ഇരുന്നു കൊടുത്താൽ മതി.
ചപ്പാത്തിക്കുള്ള ബെല്ലടിച്ചപ്പോൾ ഓടിപ്പോയി ലൈനിൽ നിന്നു.
നല്ല വിശപ്പ്. ചപ്പാത്തി വരാൻ വൈകുന്ന ഓരോ നിമിഷവും ഓരോ മണിക്കൂറായി തോന്നി.
മുന്നിൽനിൽക്കുന്ന പ്രേം സരിന്റെ അക്ഷമ അവൻറെതാളം പിടിക്കുന്നതിൽ നിന്നുംവ്യക്തമാണ്.
ചപ്പാത്തി കഴിക്കാൻ തുടങ്ങി. രണ്ടെണ്ണം കഴിഞ്ഞതും മതിയായി .
ഒരു മനംപിരട്ടൽ പോലെ. എല്ലാവരും ആസ്വദിച്ചു കഴിക്കുന്നുണ്ട്. എനിക്കെന്തോ ശരിയാകുന്നില്ല മൂന്നാമത്തേതും എങ്ങനെയോ വയറ്റിനകത്താക്കി. നാലാമത്തെ ചപ്പാത്തിവേണമെന്ന് തീരെ തോന്നുന്നില്ല.
എനിക്ക് മതിയായി.
അങ്ങേത്തലയ്ക്കലെ പെട്ടിപ്പുറത്തിരിക്കുന്ന ബിനോയിനോട് ചോദിച്ചു 'നിനക്ക് വേണോ ഡാ എനിക്ക് മതിയായി'

അവനും ആരോ ഒരാളും കൂടി പകുതി പകുതി ഹായ് ചപ്പാത്തി ആക്കി കഴിച്ചു.
അത് ശ്രദ്ധിക്കാതെ ഞാൻ ഓടി.
വയറിനകത്ത് ഒരു വല്ലാത്ത അസ്വസ്ഥത നേരെ അനിലിൻറെ അടുത്തുചെന്ന്
“എടാ വല്ലാത്ത വയറുവേദന സിസ്റ്ററിനെ കാണാൻ പോകണം”
അവനെക്കൂട്ടി സിസ്റ്ററുടെഅടുത്തെത്തി. സ്ഥിരം തരാറുള്ള മണമുള്ള സിറപ്പു തന്നു.
കുറച്ചു നേരം നോക്കി ,വേദന കുറയുമോന്ന്.
'ഇപ്പോൾ കുറവുണ്ടോ?'
"കുറഞ്ഞുവരുന്നുണ്ട് .."
ഞാൻ അല്പം ആശ്വാസത്തോടെ പറഞ്ഞു. "എന്നാൽ ഇത്തിരി നേരം കിടന്നോ ഇനി പഠിക്കാനൊന്നും നിൽക്കേണ്ട
രാത്രിയിലെ റോൾകോളിനു പറഞ്ഞിട്ട് കിടന്നോ"

തിരിച്ചു വന്ന ഉടനെ തന്നെ കിടന്നു
വയറിൽ തലോടി തലോടി വേദന മാറ്റാൻ ശ്രമിച്ചു
പണ്ട് വീട്ടിൽ ആയിരുന്നപ്പോൾ അമ്മ തരാർ ഉണ്ടായിരുന്ന ഇഞ്ചിത്തൈര് കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോയി അമ്മയോ അച്ഛനോ ഇപ്പോൾ അടുത്ത് ഉണ്ടായിരുന്നെങ്കിൽ മാറ്റുമായിരുന്നു, ഈ വേദന.
അമ്മമ്മയ്ക്ക് വേറൊന്നായിരുന്നു സൂത്രപ്പണി .ദൃഷ്ടി ദോഷം കൊണ്ടാണ് വേദന എന്നാണ് അമ്മമ്മയുടെ അഭിപ്രായം. അത് മാറാൻ കടുകും ഉപ്പും ഒക്കെ കൂടി ഒരു പ്രയോഗമാണ് .കഴിഞ്ഞ ആഴ്ചയായിരുന്നു അമ്മമ്മയുടെ ചാത്തം. എല്ലാ പേരക്കുട്ടികളും വന്നിട്ടുണ്ടാവും പുഴയിൽപ്പോക്കും ഓടിക്കളിയും എല്ലാം കൂടി നല്ല രസമായിട്ടുണ്ടാകും ഇനി എന്നാണാവോ അവരെയൊക്കെ ഒന്നു കാണാൻ പറ്റുക. ഓർത്തപ്പോൾ സങ്കടം വന്നു. അപ്പോഴാണ് ഓർത്തത് ഇന്ന് ഒട്ടും പ്രാർത്ഥിച്ചിട്ടില്ല. സ്റ്റാർ ആയതും കണ്ണേറും.....
പ്രാർത്ഥന ഒട്ടും ഇല്ലാതെ പോയതും...... വയറുവേദനയുടെ കാരണം പിടികിട്ടി!
പിഷാരികാവിലമ്മയെ പ്രാർത്ഥിച്ചുകൊണ്ട് കിടന്നതേ ഓർമ്മയുള്ളൂ ഉറങ്ങിപ്പോയി.

അസഹ്യമായ അസ്വസ്ഥത കൊണ്ട ഞെട്ടിയുണർന്നത്. ഉടനെതന്നെ കക്കൂസിൽ പോകാൻ തോന്നുന്നു. മുകളിലത്തെ ബെഡിൽ നിന്നും താഴേക്ക് ഇറങ്ങി .
ഇരുട്ടത്ത് തപ്പിപ്പിടിച്ച് ടോയ്‌ലറ്റ് വരെ എത്തി,
ഒരു തുള്ളി വെള്ളമില്ല. വയറിനുള്ളിലെ ബുദ്ധിമുട്ടാണെങ്കിൽ കൂടി കൂടി വരുന്നു. മുൻവശത്തെ ടാങ്കിൽ നിന്നും പോയി വെള്ളം എടുത്തു കൊണ്ടുവരണം.
ബക്കറ്റുമായി നടന്നു. അങ്ങിങ്ങായിനേരിയ വെളിച്ചം ഉണ്ട്
ടാങ്കിന് അടുത്ത് എത്തിയപ്പോൾ എന്തോ ഇഴഞ്ഞപോകുന്നതുപോലെ തോന്നി. ഒരു നിമിഷം നിന്നു, പിന്നെ നാഗദൈവങ്ങളെ പ്രാർത്ഥിച്ചുകൊണ്ട് മുന്നോട്ടുനീങ്ങി, കാരണം വയറിനുള്ളിലെ വിളി അത്രയ്ക്കും ശക്തമായിരുന്നു, പോയേ തീരൂ..
ടോയ്‌ലറ്റിൽ നിന്നുംതിരിച്ചു വരുമ്പോൾ സമയം കണ്ടു.
രാത്രി രണ്ടുമണി!
കയറി മുകളിലത്തെ ബെഡിലേക്ക് കിടക്കുമ്പോൾ വിശപ്പു വല്ലാതെ കൂടുന്നതായി തോന്നി.
ഉറങ്ങാൻ കഴിയുന്നില്ല വിശപ്പ് ഓരോ മിനിറ്റിലും ഇരട്ടിക്കുന്ന പോലെ. കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി,
ഇല്ല പറ്റുന്നില്ല. വിശപ്പു കാരണം താൻ മരിച്ചുപോകും എന്നു തോന്നിപ്പോയി. എണീറ്റു വേഗം ക്ലോക്കിൽ പോയി നോക്കി. രണ്ടര മണിയേ ആയിട്ടുള്ളൂ. ഇനി മൂന്നു മണിക്കൂർ കൂടി വിശപ്പ് സഹിക്കാൻ തനിക്കാവില്ല, എന്തെങ്കിലും കഴിച്ചേ പറ്റൂ...
ധൈര്യം സംഭരിച്ച് മെസ്സ് വരെയെത്തി.
നേരിയ വെളിച്ചം മാത്രമേയുള്ളൂ.
പാത്രങ്ങളെല്ലാം കഴുകി വച്ചിരിക്കുന്നു.
ചപ്പാത്തി വെച്ചിരുന്ന വലിയ കാതൻചെമ്പ് തന്നെ നോക്കി ചിരിക്കുന്നതായി തോന്നി. 'സ്വാദില്ലഎന്ന് പറഞ്ഞ് ആർക്കെങ്കിലും ദാനം ചെയ്തിട്ടല്ലേ അങ്ങനെതന്നെ വേണം' കാതൽ ചെമ്പ് പറയുന്നതായി തോന്നി.
പുറത്തു കിടക്കുന്ന വേസ്റ്റ് കളയുന്നഭാഗം കൂടി ഇന്നത്തെ ദിവസം വളരെ വൃത്തിയായി കിടക്കുന്നതായി തോന്നിപ്പോയി.
അവിടൊന്നും തന്നെ വിശപ്പുമാറ്റാൻ ഒന്നുമില്ല.
നിരാശയോടെ നീങ്ങിയ എൻറെ കണ്ണുകൾ ഉടനെ തിളങ്ങി.
രാവിലെ ചായയുടെ കൂടെ തരാൻ വച്ചിരിക്കുന്ന ബിസ്ക്കറ്റുകൾ ചില്ലലമാരയുടെ അകത്തിരുന്ന് എന്നെ സ്നേഹപൂർവ്വം മാടിവിളിച്ചു.
ഞാൻ ഓടിച്ചെന്ന് തുറക്കാനാഞ്ഞു.
അലമാരയുടെ വാതിലുകളെ തമ്മിൽ ചേർത്തു നിർത്തി കൊണ്ട് ഒരു പൂട്ട് അവിടെ ഉണ്ടായിരുന്നോ.
അലമാരയുടെ സൈഡിൽ കിടന്നുറങ്ങിയിരുന്ന മണിയേട്ടൻ ഈ ഒച്ചകേട്ട് ഉണർന്നു..

ഞാൻ പേടിച്ചിറങ്ങി ഓടി, തിരിച്ചുവന്ന് റൂമിൽ കയറി ബെഡിൽ കിടന്നു.
പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കാണും. വിശപ്പ് തീരെ സഹിക്കാനാവുന്നില്ല. ഞാൻ ഉറങ്ങാൻ ശ്രമിക്കുന്തോറും വയറ്റിൽ നിന്നും വിശപ്പിൻറെ വിളി ഉയർന്നു പൊങ്ങുന്ന പോലെ.
മണിയേട്ടനോട് പോയി ചോദിക്കാം. 'രാവിലെ ബിസ്ക്കറ്റ് തരണ്ട' എന്നു പറഞ്ഞാൽ ചിലപ്പോൾ സമ്മതിക്കുമായിരിക്കും എന്തായാലും ചോദിക്കാം ധൈര്യം സംഭരിച്ച് വീണ്ടുംമെസ്സി അകത്തെത്തി. മണിചേട്ടനെ തട്ടിവിളിച്ചു.
"എന്താടാ..."
"മണിയേട്ടാ രണ്ട് ബിസ്ക്കറ്റ് തര്വോ..."
"പോയി കിടന്നുറങ്ങടാ ചെക്കാ" പാതിമയക്കത്തിൽ മണിയേട്ടൻ പറഞ്ഞു തിരിഞ്ഞുകിടന്നു.....
"ഞാനിപ്പോ വിശന്ന് ചാകും....."
"എന്ത്...."
മണിയേട്ടൻ ഒന്നും മനസ്സിലാകാതെ എന്നെ നോക്കി നിന്നു.
"വിശപ്പ് തീരെ സഹിക്കാൻ വയ്യാഞ്ഞിട്ടാ മണിയേട്ടാ....."
"അതിന്...."
"എൻറെ കയ്യിൽ അല്ല താക്കോൽ. കഴിഞ്ഞതവണത്തെ പ്രശ്നത്തിനു ശേഷം പൂട്ടി താക്കോൽ അവിടെ തൂക്കണം എന്നാണ് നിയമം. അത്രയ്ക്ക് വെശപ്പ് ആണെങ്കി, അവിടെ കേറി താക്കോലെടുത്ത് അലമാര തുറന്നു കഴിച്ചോ എനിക്ക് പുലിവാല് പിടിക്കാൻ വയ്യ..."

വിശപ്പിൻറെ വിളി അത്രയ്ക്ക് രൂക്ഷമായിരിക്കുന്നു. വിറയൽ ബാധിക്കുന്നതു പോലെ തോന്നിത്തുടങ്ങിയിരിക്കുന്നു. ഞാൻ എന്നതിലുപരി എന്നിലെ വിശപ്പ് എന്ന രാക്ഷസൻ എങ്ങനെയോ അകത്തെ മുറിയിൽ കടന്ന്താക്കോൽ കൈക്കലാക്കി.

മെസ്സിൻറെ ഉള്ളിൽ ആരൊക്കെയോ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിൻറെശബ്ദം. ഞാൻ ഒച്ചയുണ്ടാക്കാതെ ചില്ലലമാരയുടെ അടുത്തെത്തി .ആദ്യത്തെ മൂന്നു താക്കോലുകൾ പരിശോധിച്ചു. എനിക്കുവേണ്ട താക്കോൽ അതൊന്നുമല്ല. ചെറിയ പൂട്ടാണ്. വാതിലിനടുത്തേ ചെറിയ വെട്ടം ഉള്ളൂ അവിടെ ചെന്ന് തപ്പിപ്പിടിച്ച് നോക്കിയിട്ട് വരാം എന്ന് ഉറപ്പിച്ചു ഞാൻ വാതിലിനടുത്ത് എത്തി.
അപ്പോൾ പുറത്തുനിന്നും ഉറക്കെ ഒരു ചുമ കേട്ടു, ഒപ്പം അടുത്തടുത്ത് വരുന്ന കാൽ പെരുമാറ്റവും.
എൻറെ ഉള്ളിൽ തീ ആളി ഞാൻ സർവ്വശക്തിയുമെടുത്ത് തിരിച്ചോടി റൂമിനകത്ത് എത്തി ബെഡിൽ കയറി..
സെക്യൂരിറ്റി അങ്കിൾ!!
മൂപ്പർ ഉറക്കെ വിളിച്ചു കൂവി...... “ആരടാ....അത്”
മെസ്സിലെലൈറ്റ് തെളിഞ്ഞു .എല്ലാവരും ഉണർന്നു അവർക്ക് താക്കോല്ക്കൂട്ടം നിലത്തു നിന്നും കിട്ടി.
സെക്യൂരിറ്റി അങ്കിൾ എല്ലാ റൂമിലെയും പുറത്തു നിന്നും വെളിച്ചം അടിച്ചു നോക്കി, ആരെങ്കിലും ഉണർന്നിരിപ്പുണ്ടോ എന്നറിയാൻ.
ഞാൻ കണ്ണടച്ചു കിടന്നു
വയറിനുള്ളിലെ വിശപ്പ് നെഞ്ചിനുള്ളിലെ തീക്ക് വഴിമാറിക്കഴിഞ്ഞിരുന്നു.
രാവിലെ വിശദമായി അന്വേഷിക്കുമ്പോൾ മണിയേട്ടൻ സത്യം തുറന്നു പറയും താൻ പിടിക്കപ്പെടും.
മെസ്സ് വരെ പോകാൻ തോന്നിയ നിമിഷത്തെ ആവുന്നത്ര ശപിച്ചു ഇങ്ങനെ ഒരു ദുർബുദ്ധി എന്തിനാണാവോ ദൈവം തോന്നിപ്പിച്ചത്. ഒരു രണ്ടു മൂന്നു മണിക്കൂർ കൂടി പിടിച്ചു നിന്നാൽ മതിയായിരുന്നു .സർവ്വ ദൈവങ്ങളെയും വിളിച്ചു കിടക്കുന്നതിനിടയിൽ ഉറങ്ങി പോയതറിഞ്ഞില്ല.

കണ്ണുതുറന്നു നോക്കിയപ്പോൾ ചുറ്റുമുള്ള ബെഡിൽ ആരെയും കാണുന്നില്ല എല്ലാവരും പോയിക്കഴിഞ്ഞിരിക്കുന്നു. ജനാല വിടവിലൂടെ നേരിയ സൂര്യപ്രകാശം വരുന്നുണ്ട് ഞാൻ ഞെട്ടി ഇറങ്ങി പുറത്തേക്ക് ഓടിപ്പോയി നോക്കി. സമയം ആറേ മുക്കാൽ. എല്ലാവരും പി.ടി. ഓടാൻ പോയി കഴിഞ്ഞിരിക്കുന്നു. ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ ഞാൻ അവിടെ കണ്ട ട്രങ്ക് ബോക്സിൽ ഇരിപ്പുറപ്പിച്ചു.തലേന്നാൾ തന്നെ കൊതിപ്പിച്ചബിസ്ക്കറ്റുകൾ അവയുടെ കുപ്പായം ഊരിക്കളഞ്ഞു പ്ളേറ്റിൽ ഇരുന്ന് എന്നെ മാടിവിളിക്കുന്നുണ്ട്. പേടി കാരണം ആണോ ഞെട്ടൽ കാരണം ആണോ എന്ന് അറിയില്ല ബിസ്ക്കറ്റ് കഴിക്കണമെന്ന ആഗ്രഹം തന്നെ എൻറെ ഉള്ളിൽ ഇല്ലാതായിരിക്കുന്നു.
അല്പസമയത്തിനുള്ളിൽ പി.ടി. ഓടാൻ പോയവർ തിരിച്ചെത്തി. അവരിൽ നിന്നും ഞാൻ ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞു,
നവോദയയുടെ ചരിത്രത്തിൽ ആദ്യമായി ഒരാൾ പി.ടി.ക്ക് പോകാതെ കിടന്നുറങ്ങിയിരിക്കുന്നു. പതിവിനു വിപരീതമായി ഇന്ന് പ്രിൻസിപ്പാൾ കൂടെ ഉണ്ടായിരുന്നു താനും.
വൈകുന്നേരത്തെ ഗെയിംസ് ടൈമിന് പണിഷ്മെൻറ് നിശ്ചയിക്കാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
എൻറെ സപ്ത നാഡികളും തളർന്നു. 'ഇനി എൻറെ കാര്യം കട്ടപ്പൊക.' ക്ലാസ്സ് തുടങ്ങി കഴിഞ്ഞാൽ ആണ് സാധാരണ മെസ്സിൻറെചാർജ് ആയിട്ടുള്ള സ്റ്റാഫ് ടീച്ചർ മെസ്സിലേക്ക് വരാറ് .അപ്പോൾ ഇന്നലത്തെ സംഭവം അറിയും .ഇതും കൂടി ചേർത്തുവച്ചു വായിച്ചാൽ....
ഒരു യന്ത്രം കണക്കെ ഞാൻ ക്ലാസിലേക്ക് പോയി. മനസ്സു മുഴുവൻ എനിക്ക് ലഭിക്കാൻ പോകുന്ന ശിക്ഷയെ കുറിച്ചായിരുന്നു ചിന്ത.
മെസ്സിലെ സംഭവം കൂടി പുറത്തു വന്നതിനു ശേഷം ആണെങ്കിൽ അച്ഛൻറെയും അമ്മയുടെയും മുഖത്ത് എങ്ങനെ നോക്കും.
ഈ ഒരു കാര്യത്തിന്റെ പേരിൽ നവോദയയിൽ നിന്നും പുറത്താക്കപ്പെട്ടുവെന്ന് എങ്ങനെ പറയും?
ബിസ്ക്കറ്റ് തിന്നാൻ തോന്നിയ നിമിഷത്തെ ഒരായിരം തവണ ശപിച്ചു. നവോദയയിൽ നിന്നും പുറത്താക്കപ്പെടുന്നയാണെങ്കിൽ വലിയൊരു തുക കെട്ടി വയ്ക്കേണ്ടി വരുമെന്നും കേട്ടിട്ടുണ്ട്.
അച്ഛന് അത് സാധിക്കുമോ സാധിച്ചില്ലെങ്കിൽ പിന്നെ തന്നെ ദുർഗുണ പാഠശാലയിലേക്ക് എങ്ങാനും അയക്കുമോ. ഈ വക പലവിധ ചിന്തകളാൽ എൻറെ മനസ്സ് വളരെയധികം പ്രക്ഷുബ്ധമായി. ക്ലാസിൽ പിരീഡുകൾ കഴിഞ്ഞതും ടീച്ചർമാർ മാറിമാറി വന്നതും ഞാനറിഞ്ഞില്ല. ഇന്നലെ ക്ലാസിലെ സ്റ്റാർ ആയിരുന്നു താൻ ഇന്ന് പ്രധാന നോട്ടപ്പുള്ളി ആയി മാറിയിരിക്കുന്നു. ഇനി ഇന്നു വൈകുന്നേരത്തെ ശിക്ഷ കൂടി പുറത്തുവരുന്നതോടെ എന്തായിരിക്കും അവസ്ഥ? ഉറങ്ങി പോയതിന് കുട്ടികൾ കളിയാക്കുമ്പോൾ ഒക്കെ ഇനിയെത്തതു കൂടി അറിയുമ്പോൾ ഉള്ള അവസ്ഥയായിരുന്നു എൻറെ മനസ്സിൽ. ഇടയ്ക്കെപ്പോഴോ എന്തിനോഅടിയും കിട്ടി.പക്ഷേ എൻറെ മനസ്സ് മുഴുവനും വൈകുന്നേരം തീർപ്പ് കൽപ്പിക്കപ്പെടുന്ന കേസിലെ വിധിയിൽ ആയിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചെന്നും ഇല്ലെന്നും വരുത്തി ക്ലാസിലേക്ക് തിരിച്ചോടി.എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ട വീട്ടിലെത്തി അച്ഛനോടും അമ്മയോടും കാര്യങ്ങൾ തുറന്നു പറയാൻ മനസ്സ് കൊതിച്ചു.കോൺക്രീറ്റ് പണിക്കാർ താമസിക്കുന്ന ഷെഡ്ഡിലെ ചേട്ടനോട് പൈസ കടം വാങ്ങി ചാടിയാലോ? പക്ഷേ ഉടനെ തന്നെ മനസ്സ് തിരിച്ചു പറഞ്ഞു 'വേണ്ട അതതിനേക്കാൾ അപകടകരമാണ്...'
മെസ്സിനകത്ത് വച്ച് നടന്നകാര്യങ്ങൾ ഏതാണ്ട് വ്യക്തമായി കഴിയുമെന്നും എപ്പോൾ വേണമെങ്കിലും എന്നെ വിളിച്ചു കൊണ്ടു പോകാനായി ക്ലാസ്സിലേക്ക് ആൾ വരുമെന്നും പ്രതീക്ഷിച്ചു കൊണ്ട് ഞാനിരുന്നു. ചുമരിലെ ക്ലോക്കിലെ സൂചികൾ എണ്ണ ഇടാൻ മറന്നു പോയത് പോലെ എനിക്ക് അനുഭവപ്പെട്ടു. അപ്പുറത്തെ ക്ലാസ്സിൽ ജെസി മാഡം ക്ലാസ് എടുക്കുകയാണ്. മാഡത്തിന്റെ രണ്ടു വയസ്സുള്ള മകൻ വരാന്തയിൽ എന്തൊക്കെയോ എണ്ണിപ്പെറക്കുന്നുണ്ട്. ഒരു നിമിഷനേരം അവൻറെ ഭാഗ്യത്തെക്കുറിച്ച് അസൂയപ്പെട്ടു. ക്ലോക്കിലെ സൂചി നാലുമണിയോടടുക്കുന്നതിനനുസരിച്ച് എൻറെ ഹൃദയമിടിപ്പ് ഉയർന്നുവരുന്നത് ഞാനറിഞ്ഞു. ഒടുവിൽ നാലുമണി ആയി. പെട്ടെന്ന് എനിക്ക് എവിടെനിന്നോ ഒരു ധൈര്യം വന്നതു പോലെ. ‘എന്തായാലും ഞാൻ അത് ഏറ്റുവാങ്ങും.’

എല്ലാവരെയും വരിവരിയായി നിർത്തിയതിനുശേഷം എന്നെ മാറ്റിനിർത്തി.
മുട്ടുകുത്തി നിർത്തി.
ഓരോ ഗെയിംസ് ടീമിനെയും വിട്ടശേഷം ആയിരിക്കും എൻറെ പണിഷ്മെൻറ് തീരുമാനിക്കുക. ഞാൻ സർവ്വവും ദൈവത്തിൽ അർപ്പിച്ചു നിന്നു.
അല്പസമയത്തിനുള്ളിൽ ബൂട്ടുകളുടെ ശബ്ദം എൻറെ ചെവിയിൽ പതിഞ്ഞു. പിറകിലൂടെ ആണ് വരുന്നത്. സ്കിപ്പിംഗ് റോപ്പിൻറ ഇരട്ട വള്ളികൾ എൻറെ മുതുകത്ത് ആഞ്ഞു പതിച്ചു .ഞാൻ സർവ്വശക്തിയുമെടുത്ത് അലറിപ്പോയി
"അമ്മേ....."

രണ്ടാമത്തെ അടി താങ്ങാൻ ഞാൻ വീണ്ടും ശ്വാസം പിടിച്ചു നിന്നു പുറത്തെ തൊലി പോകുന്നതിന്റെ നീറ്റൽ. മൂന്നാമത്തെ അടികൂടി കൊണ്ടതേ ഓർമ്മയുള്ളൂ. രാത്രിയും പകലും അനുഭവിച്ച മാനസിക സമ്മർദ്ദം പത്തുവയസ്സുകാരൻറെ ശരീരത്തെ അത്രയേറെ തളർത്തി കഴിഞ്ഞിരുന്നു .ഗ്രൗണ്ടിൽ കുഴഞ്ഞുവീണ എന്നെ ആരോ താങ്ങി.
അഞ്ചു മിനിറ്റ് കഴിഞ്ഞു കണ്ണുതുറന്നപ്പോൾ സിസ്റ്റർ അടുത്ത് ഇരിപ്പുണ്ട്. "എന്തുപറ്റി സുനിലേ വയർവേദനിക്കുന്നുണ്ടോ?"

ഞാൻ തലയാട്ടി ഉണ്ടെന്ന അർത്ഥത്തിൽ. സിസ്റ്റർ എനിക്ക് സിറപ്പു തന്നു, മണമുള്ളത്. "കുറവുണ്ടെങ്കിൽ പോയി കുറച്ചു നേരം കിടന്നോ"
ഞാൻ തിരിച്ച് ഡോർമെറ്ററിയിലേക്ക് നടന്നു.
ഞാൻ വരുന്നതു കണ്ട് മണിയേട്ടൻ അടുത്തെത്തി.

“എടാ നീ പേടിക്കണ്ട രാത്രി ഇവിടെ നടന്നതൊന്നും ഞാൻ ആരോടും പറഞ്ഞില്ല, പറയുകയുമില്ല. പിന്നെ താക്കോൽ മാറി കിടക്കുന്നതൊക്കെ ഇവിടെ സാധാരണമാണ്.
നീയിങ്ങനെ തൊട്ടാവാടി ആവാതിരി....”

കയ്യിൽ രണ്ട് ബിസ്ക്കറ്റ് വെച്ചുകൊണ്ട് മണിയേട്ടൻ പറഞ്ഞു. "ആരും കാണണ്ട"
"ജോലി പോയാലോ എന്ന് പേടിച്ചിട്ടാണ് മണിയേട്ടനിന്നലെ....."
മുഴുവൻ കേൾക്കാൻ അവിടെ ഞാൻ ഉണ്ടായിരുന്നില്ല.

കയ്യിൽ കിട്ടിയ രണ്ടു ബിസ്ക്കറ്റും മുറുകെപ്പിടിച്ചുകൊണ്ട് ഞാനോടി. കാലിനും മനസ്സിനു വല്ലാത്തൊരു വേഗമായിരുന്നു. ദുർഗുണ പാഠശാലയിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൻറെ

ഭാഗം 2

"അച്ചാ പാലുകുടിച്ച കൊണ്ട് എന്തെങ്കിലും മെച്ചം ഉണ്ടോ?" മോളൂസ് ചിണുങ്ങികൊണ്ടുവന്നു ചോദിച്ചു.
"ങും.. പിന്നേ.." ഫോണിൽ നിന്നും തല ഉയർത്തി കൊണ്ട് ഞാൻ പറഞ്ഞു.
"നല്ല ശക്തി ഉണ്ടാകണമെങ്കിൽ പാൽ കുടിക്കണം. പാല് കുടിച്ചാലേ അതിലെ കാൽസ്യം ശരീരത്തിൽ കിട്ടൂ. അപ്പോഴേ ബലമുള്ള എല്ലും പല്ലും മസ്സിലും ഒക്കെ വരൂ."
ഞാൻ അനുനയിപ്പിച്ചു കൊണ്ട് അവളെ എൻറെ അടുത്തേക്ക് വിട്ട ശ്രീമതിയെ നോക്കി 'ഇങ്ങനെ വേണം ഇത്തരം
സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ' എന്നമട്ടിൽ പറഞ്ഞു.
"ഊം പിന്നെ പിന്നെ പാലു കുടിച്ചിട്ടാണോ ഈ അങ്കിളിനൊക്കെ ഇതുപോലെ മസിൽ വന്നിരിക്കുന്നത്" മോളൂസിൻറെ അപ്രതീക്ഷിതമായ ചോദ്യം.
ഫേസ്ബുക്കിൽ പരതി കൊണ്ടിരുന്ന ബാല്യകാല സുഹൃത്ത് ഇത്രയും വളർന്നതും നോക്കിക്കൊണ്ടിരുന്ന എന്നെ, മോളുടെ ചോദ്യം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.
"മോളൂസേ.. അന്നൊക്കെ അച്ഛൻ കൊടുത്ത പാലുകുടിച്ചിട്ടാ ഈ അങ്കിളിന് ഇത്ര നല്ല മസ്സിൽ വന്നത്. അതൊക്കെ ഒരു നീണ്ട കഥയാണ്."
ഗ്ലാസിൻറെ അടിയിൽ ഉണ്ടായിരുന്ന കലങ്ങാത്ത പഞ്ചസാര തരികൾ കയ്യിലെടുത്തു നക്കി കൊണ്ടിരുന്ന കണ്ണൻ ഇതുകേട്ട് ചാടിവീണു. "അച്ഛാ ആ കഥ ഒന്നു പറഞ്ഞുതരാമോ?"
"പിന്നെന്താ" കഥ കേൾക്കാൻ ഒരാളെ കിട്ടിയ പട്ടാളക്കാരനെ പോലെ ഞാൻ ഫെയ്സ്ബുക്ക് ഒക്കെ മാറ്റിവെച്ച് ചാരുകസേരയിലേക്ക് വന്നിരുന്നു.
"അയ്യോ അച്ഛാ ഒൻപതു മണിയായി. ഞങ്ങൾ ആ പരിപാടി കഴിഞ്ഞിട്ട് ഓടി വരാം. അത് കഴിഞ്ഞിട്ട് തുടങ്ങിയാ മതി കഥ." അവൻ അമ്മയേയും വിളിച്ചുകൊണ്ട് ടിവിയുടെ മുന്നിലേക്ക് ഓടി.
അടുക്കള ജോലികൾ എന്തെങ്കിലും ബാക്കി ഉണ്ടോ എന്നറിയാനായി ഞാൻ അടുക്കളയിൽ ഒന്നെത്തിനോക്കി.കഴുകി കൊണ്ടിരുന്ന രണ്ടു പാത്രം ഒഴിച്ച് എല്ലാ പണികളും തീർന്നിരിക്കുന്നു. അതാകട്ടെ എണ്ണപ്പാത്രങ്ങളാണ്. എനിക്ക് തീരെ ഇഷ്ടമല്ലാത്ത മേഖല.
വൈകുന്നേരം കൊടുത്ത ചായ തട്ടിമറിച്ചത് മോളൂസ് ആണെന്ന് വ്യക്തം. അതിനെ ചുറ്റിപ്പറ്റി ഉറുമ്പുകൾ സംസ്ഥാനസമ്മേളനത്തിന് വട്ടം കൂട്ടുന്നുണ്ട്. ഒരു പണി കണ്ടുപിടിച്ച സന്തോഷത്തിൽ ഞാൻ അടുക്കളയിലേക്ക് ഒരു ബക്കറ്റുമായി തിരിച്ചു.

"അപ്പുവേട്ടൻ അവിടെ വെറുതെ ഇരുന്നാൽ മതി ആവശ്യമില്ലാത്ത പണിയൊന്നും തുടങ്ങി വയ്ക്കല്ലേ" എൻറെ ചിരിയിലെ അപകടം മണത്ത ശ്രീമതി ഉറക്കെ വിളിച്ചു പറഞ്ഞു.അടുക്കള കഴുകൽ വിചാരിച്ചത്ര എളുപ്പമാകില്ല എന്ന് ബോധ്യമായ ഞാൻ ബഡ്ജറ്റ് വെട്ടിച്ചുരുക്കി; അടിച്ചുവാരിയാൽ മതി.
അടിച്ചുവാരി കൊണ്ടിരിക്കെ നവോദയ യിലെ പാൽക്കഥ ഓർമ്മ വന്നു, കൂടെ നമ്മുടെ മസിൽ അളിയനേയും.

കഥാപാത്രത്തിന്റെ ശരിക്കുള്ള ഔദ്യോഗികനാമം സാബിർ എന്നാണ്. ആവശ്യത്തിലധികം കയ്യിലിരിപ്പും കഴിവുമുള്ളതിനാൽ കക്ഷി സ്വന്തം അദ്ധ്വാനത്താൽ ധാരാളം പേരുകൾ പിന്നീട് സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്.
പക്ഷേ ആത്മാർത്ഥ സുഹൃത്ത് എന്ന നിലയ്ക്ക് ഈ കാര്യത്തിൽ ഇതേ വരെ അവനെ സഹായിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.

ഞങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങുന്നത് നവോദയയിൽ എത്തുന്നതിനും മുൻപാണ്. നവോദയയിൽ സെലക്ഷൻ ലഭിച്ച അറിയിപ്പിനൊപ്പം തയ്യാറാക്കി കൊണ്ടു വരേണ്ട ഒരു സാധനങ്ങളുടെ ലിസ്റ്റ് കൂടി ഞങ്ങൾക്ക് ലഭിച്ചിരുന്നു. അത് ഇപ്രകാരമായിരുന്നു:
കറുത്ത ട്രങ്ക് ബോക്സ് വലുപ്പം 30" X 15.75" X 12.25"
ഒരു കണ്ണാടി
ചീർപ്പ്
വെളുത്ത ഷർട്ട്
വെളുത്ത ട്രൗസർ ....
ഇതിൽ ആദ്യം പറഞ്ഞ സാധനം ടൗണിൽ എളുപ്പത്തിൽ കിട്ടും എന്നു വിചാരിച്ചെങ്കിലും കറുത്തനിറം ഒരു പ്രശ്നമായിരുന്നു. അങ്ങനെ ,പകരം പച്ച നിറത്തിലുള്ള ട്രങ്ക് ആയിരുന്നു എൻറേത്. നല്ല ഭംഗിയുള്ള മഞ്ഞനിറമായിരുന്നു സാബിറിന്റേതിന്.
ചായം കൂടിയും കുറഞ്ഞും ഇരുന്ന പല പെട്ടികളും ഓഫീസിൻറെ മുറ്റത്ത് നിറഞ്ഞിരുന്നു.
രക്ഷിതാക്കൾ എല്ലാ പെട്ടികളെയും പെയിൻറ് അടിച്ച് ഒരുപോലെ കറുപ്പിച്ചെടുക്കാൻ പാടുപെടുന്നുണ്ടായിരുന്നു.

ആ ചുരുങ്ങിയ സമയത്തിനുള്ളിൽ , അധ്യാപകരായ രക്ഷിതാക്കൾക്ക് ഞങ്ങൾ ആജീവനാന്ത ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരിക്കുമെന്ന് ഒരു തെറ്റിദ്ധാരണ ഉണ്ടാക്കി കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.
ജ്യോതി, ഹാപ്പി, സ്മിത തുടങ്ങിയ അധ്യാപക വൃന്ദത്തിൻറെ ഒരു പട തന്നെയുണ്ട് രക്ഷിതാക്കളുടെ ഇടയിൽ. ബെഡ് അലോട്ട്മെൻറ് തുടങ്ങി. ഞങ്ങൾക്ക് മാത്രം കാവേരി ഹൗസിലെ അടക്കാവുന്ന വാതിൽ ഉള്ള അടിപൊളി റൂം കിട്ടി(ആ കഥ പിന്നീടൊരിക്കൽ പറയാം).
മുകളിലത്തെ ജനാല ഭാഗത്തുള്ള ബെഡ് എനിക്ക് സ്വന്തമായി.
എവിടെയൊക്കെയോ വായിനോക്കി നിന്ന സാബിർ വന്നപ്പോൾ ബെഡില്ല.
താഴത്തെ ബെഡ്ഡുകൾ രണ്ടു പേർക്കായി വീതം വെച്ച് തുടങ്ങിയിരുന്നു. 'ഈ കുരിശ് ആയിരിക്കും തമ്മിൽ ഭേദം' എന്നുള്ള തെറ്റിദ്ധാരണയിൽ ഞാൻ വേഗം വിളിച്ചു.
"സാബിറേ നീ വാ"
അങ്ങനെ തുടങ്ങിയതാണ് സാബിറും ഞാനുമായുള്ള കിടപ്പുവശം.

ഞങ്ങൾ തമ്മിലുള്ള സുഹൃത്ത് ബന്ധം ഏവർക്കും മാതൃകയാക്കാവുന്ന തായിരുന്നു.
അതിൻറെ അലയടികൾ നടുവിലുള്ള ഗംഗ ഹൗസും കഴിഞ്ഞ്അങ്ങേയറ്റത്തെ നിളാ ഹൗസിൽ വരെ എത്തിയിരുന്നു എന്നത് വർഷങ്ങൾക്കുശേഷം, സംസാരിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളെ കണ്ടു ശ്രീശോഭ് പറയുമ്പോഴാണ് തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളേജിൽ വച്ചായത് ഭാഗ്യം!

ജനാല ഭാഗം കിട്ടുവാനായി ഞങ്ങൾ രണ്ടുപേരും വഴക്കടിച്ചു.
ഹാങർ തൂക്കുന്ന സ്ഥലം, ഡ്രസ്സ് വെക്കാൻ വേണ്ടി ബെഡ്ഡിനടിയിൽ ഉള്ള സ്ഥലം തുടങ്ങി പെൻസിൽ വയ്ക്കാനുള്ള സ്ഥലത്തിനു വരെ ഞങ്ങൾ വഴക്ക് അടിച്ചു; അതിർത്തി നിർണയിച്ചു.
അതിർത്തി ലംഘിച്ചു വരുന്ന സ്ഥാവര ജംഗമ വസ്തുക്കളായ ടോർച്ച്, ജോമട്രി ബോക്സ് ഇത്യാദികൾ മത്സരിച്ചു മത്സരിച്ചു പുറത്തേക്ക് പറക്കുന്നതിന് ഗംഗ ഹൗസിലെ മോഹൻ വരെ സാക്ഷിയായി.
അന്ന് സ്ഥലനിർണയത്തിന് ഞങ്ങൾ ഉപയോഗിച്ചിരുന്ന ജ്യോമട്രിയുടെ പകുതി മതിയായിരുന്നു പത്താംക്ലാസ് വരെ പാസാകുവാൻ.
അത്രയ്ക്ക് സങ്കീർണമായ പ്രതലങ്ങളുടെ തുല്യമായ ഭാഗ നിർണയത്തിന് ഞങ്ങൾ അനുവർത്തിച്ചിരുന്ന സാങ്കേതിക മികവ് മെട്രോമാൻ ശ്രീധരനു പോലും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
മുകളിലെ ലോകത്ത് നടക്കുന്ന ഈ അതിമാനുഷിക സംഭവങ്ങൾക്ക് പലപ്പോഴും ബലിയാടാകേണ്ടിവരാറുള്ളത് താഴത്തെ ലോകത്തെ ഹരീഷ്, ബോബിൻ, ഭരത്ഭൂഷൺ എന്നിവരായിരുന്നു.
അങ്ങനെയൊരിക്കൽ ഗതികെട്ട് ഹരീഷ് പ്രതികരിച്ച കഥയാണ് ഓർമ്മവരുന്നത്.
ജനാല ഭാഗം കൃത്യമായി പങ്കുവെച്ച് ഞങ്ങൾ അവിടെ ഒരു പ്ലാറ്റ്ഫോം നിർമ്മിച്ചു . ചാക്കുനൂൽ, ഉങ്ങി മരത്തിൻറെ ചുള്ളിക്കമ്പുകൾ, ചട്ട എന്നിവ ഉപയോഗിച്ച് ഞങ്ങൾ ഉണ്ടാക്കിയ പുസ്തകം വെക്കാനുള്ള സ്പേസിന്ഒരുപാട് ആരാധകരുമുണ്ടായി.
കിട്ടിയ സ്ഥലം ഞങ്ങൾ രണ്ടു പേരും മത്സരിച്ചു ഉപയോഗിച്ചു.കാലപ്പഴക്കംകൊണ്ടാണോ അതോ അസൂയ മൂത്ത് ഏതോ ദ്രോഹി മുറിച്ചുവെച്ചതു കൊണ്ടാണോ എന്നറിയില്ല ഞങ്ങളുടെ ആദ്യത്തെ എഞ്ചിനീയറിംഗ് അത്ഭുതം തരിപ്പണമായി താഴേക്ക് പതിച്ചു. താഴത്തെ ബെഡിൽ ഉള്ള ഹരീഷിന്റെ തലയിലൂടെ ധാരയായി ഞങ്ങളുടെ പുസ്തകങ്ങളും പേസ്റ്റ്, ബ്രഷ്, സോപ്പു പൊടി എന്നിവയും ഒഴുകിപ്പോയി.
താഴത്തേക്ക് ആദ്യം തന്നെ എത്തി വലിഞ്ഞു നോക്കിയ സാബിറിന് ഭൂകമ്പത്തിന്റെ തീവ്രത ഏതാണ്ട് മനസ്സിലായി. "അയ്യോ നിസ്കാരത്തിന് നേരം വൈകി" എന്നും വിളിച്ചു കൂവികൊണ്ട് പി റ്റി സാറിൻറെ റൂമിലേക്ക് ഓടി രക്ഷപ്പെട്ടു.

കുളി കഴിഞ്ഞു വന്ന ഭരത്ഭൂഷൺ ഹരീഷിൻറെതലയിലൂടെ ഒഴുകിവന്ന പേസ്റ്റ് കണ്ടു ഏതോ സിനിമ ഡയലോഗ് അടിച്ചതോടെ ഹരീഷിന്റെ കണ്ട്രോള് പോയി.
പിന്നീട് അവിടെ നടന്നത് വായനക്കാരുടെ ഭാവനാ ശക്തിക്ക് അനുസരിച്ച് പൂരിപ്പിക്കാനായി വിട്ടുതരുന്നു.

ഇങ്ങനെ തട്ടിംമുട്ടീം ഞങ്ങളുടെ ജീവിതം മുന്നോട്ടു പോയി.
കുറച്ചുകാലം കഴിഞ്ഞപ്പോൾ എല്ലാവരും അഡ്ജസ്റ്റ് ചെയ്യാൻ പഠിച്ചു; ഞങ്ങളുടെ ജീവിതവുമായിട്ട്.
ഞങ്ങളുടെ ഇടയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു തന്നിരുന്ന ഭരത്ഭൂഷൺ, ബോബിൻ എന്നിവരെയൊക്കെ നയതന്ത്രജ്ഞരായി ഇന്തോ-പാക് പ്രശ്നപരിഹാരത്തിനായി ഉപയോഗിച്ചിരുന്നെങ്കിൽ ലോകത്തിൻറെ ഗതി തന്നെ മാറി പോകുമായിരുന്നു എന്ന് ഞാൻ പലകുറി ചിന്തിച്ചിട്ടുണ്ട്. പിന്നെ ആവശ്യം സൃഷ്ടിയുടെ മാതാവ് ആണല്ലോ, അതായിരിക്കും......

ഏതായാലും ഏതു സാഹചര്യത്തിലും സംയമനം പാലിക്കാനുള്ള കഴിവ് ഹരീഷിന് ഉണ്ടാക്കി കൊടുക്കുന്നതിൽ ഞങ്ങൾ മത്സരിച്ചു, വിജയിച്ചു.

ഇത് വായിക്കുന്ന ചിലർക്കൊക്കെ ചിലപ്പോൾ തോന്നിയേക്കാം ഞങ്ങളുടെ കഴിവുകൾ ഇത്തരം മേഖലകളിൽ മാത്രമായി ഒതുങ്ങി പോയെന്ന്.
അധ്യാപക വൃന്ദങ്ങളിൽ നിന്നും കിട്ടിയിട്ടുള്ള 'കഴിവേറി' പട്ടങ്ങൾ ഈ അപവാദത്തിനെതിരായ തെളിവുകൾ ആണ്.

നോവലെഴുത്ത് ആയിരുന്നു ഞങ്ങളുടെ കഴിവ് തെളിയിക്കപ്പെട്ട മറ്റൊരു മേഖല .
ഭംഗിയായി ചിത്രവും വരച്ചു കൊണ്ട് അവൻ ഒരു നോവലെഴുതി.
അരുണോദയം എന്നോ മറ്റോ ആയിരുന്നു അതിൻറെ പേര് എന്നാണോർമ്മ.
(ഇന്നലത്തെ പോസ്റ്റ് വായിച്ച് 'എന്തൊരു ഓർമ്മ' എന്ന് സൂര്യ പറഞ്ഞപ്പോഴേ വിചാരിച്ചതാണ് ഇന്ന് എഴുതാൻ നേരത്ത് പലതും ഓർമ്മ കാണില്ലെന്ന്.)
എന്തായാലും സാബിർ എഴുത്തുകാരനായി അറിയപ്പെടാൻ തുടങ്ങിയത് എന്നെ വല്ലാത്ത ബുദ്ധിമുട്ടിലാക്കി. ഞാനും തീരുമാനിച്ചു, ഒരു നോവൽ എഴുതാൻ. ജയകൃഷ്ണനെ കൂട്ടുപിടിച്ച് ചിത്രംവര അവനെ ഏൽപ്പിച്ചു -അതിനു പിന്നിൽ മറ്റൊരു ഉദ്ദേശവും കൂടി ഉണ്ടായിരുന്നു, അവന് അന്നേ ആറടി ഉണ്ടായിരുന്നു!

സീനിയേഴ്സിൽ നിന്നും ഈ കാലയളവ് കൊണ്ട് മറ്റൊരു കഴിവ് കൂടി ഞങ്ങൾ നേടിയിരുന്നു- ബാർട്ടർ സമ്പ്രദായം.
ഇഷ്ടമല്ലാത്ത വിഭവങ്ങൾ, ആവശ്യത്തിലധികമുള്ള വിഭവങ്ങൾ എന്നിവ കൈമാറ്റം ചെയ്ത് ആവശ്യമുള്ളവ സമ്പാദിക്കുക. ഉദാഹരണത്തിന് രാവിലെ 4 ബ്രെഡും പാലുമാണ് ബ്രേക്ഫാസ്റ്റ്.
2 ബ്രഡു കൊടുത്താൽ അരക്കപ്പ് പാൽ ബ്രഡ് കൊതിയനായ ഏതെങ്കിലുമൊരുവൻ തരും. ഇതാണ് ബിസിനസ്.
ഇതിനു പറ്റിയ ബിസിനസ് പങ്കാളികളെ കണ്ടുപിടിക്കുക എന്നത് അത്യാവശ്യം കഴിവു വേണ്ട മേഖലയാണ്. അങ്ങനെയിരിക്കെ എന്നെക്കാൾ മെലിഞ്ഞവനും എന്നാൽ ഒറ്റ നോട്ടം കൊണ്ട് തന്നെ ആൾക്കാരെ വശത്താക്കുന്നവനുമായ ഒരുവനെ ഞാൻ കണ്ടു.
വിടർന്ന കണ്ണുകളും. ഞാൻ അടുത്തുചെന്ന് ചോദിച്ചു എന്താ പേര് സൗമ്യമായ ശബ്ദത്തിൽ മറുപടി കിട്ടി
"അനിൽ"
കയ്യിലുണ്ടായിരുന്ന ഭംഗിയുള്ള ഗൾഫ് മണമുള്ള റബ്ബർ നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു
"ഇത് എവിടുന്നാ കിട്ടിയത്?"
റബ്ബർ എൻറെ നേരെ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു "അച്ഛൻ ഗൾഫിൽ നിന്ന് കൊണ്ടു വന്നതാ"
അങ്ങനെ തുടങ്ങിയ ഞങ്ങളുടെ സുഹൃത്ത് ബന്ധം വഴി നേരത്തെ പറഞ്ഞ ബിസിനസ് വളരെയധികം പുരോഗതി പ്രാപിക്കുകയും ആഭ്യന്തര വ്യാപാര മേഖലയ്ക്ക് പുറമേ അതിർത്തികടന്ന് പല സീനിയേഴ്സിനെ വരെ വ്യാപാരബന്ധം വഴി (അതിൽ പലതും നഷ്ടക്കച്ചവടം ആയിരുന്നു!!) പരിചയപ്പെടാനും സാധിച്ചിരുന്നു.

അങ്ങനെ ഗൾഫിൽ നിന്നും ഇറക്കുമതി ചെയ്ത റബ്ബർ, കളറുകൾ ഇത്യാദി മൂലധനങ്ങളുടെ പേരിൽ അനിലും, മാൻപവറും ചിത്രീകരണവും കൈമുതലാക്കിയ ജയനും, ഇച്ഛാശക്തി ബുദ്ധിശക്തി എന്നിവയുടെ മുതൽമുടക്കിൽ ഞാനും പങ്കാളികളായ ഞങ്ങളുടെ ആദ്യസംരംഭം പുറത്തിറങ്ങി -
നോവലിലെ ആദ്യ അധ്യായം.
ആഭ്യന്തര വിപണി മാത്രം ഉദ്ദേശിച്ച ചെറുകിട സംരംഭകനായ സാബിറിനെ തകർക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശമെങ്കിലും ഞങ്ങളുടെ നോവലും ആരൊക്കെയോ വായിച്ചിരുന്നു.

എന്തായാലും കാവേരി ഹൗസിനകത്ത് എനിക്ക് എതിരായ ഒരു സ്വദേശി പ്രസ്ഥാനം സാബിറിൻറെ നേതൃത്വത്തിൽ ഉയർന്നുവരികയും അതിൻറെ ഫലമായി ബോബിൻ ഭരത് എന്നിവരുമായുള്ള എൻറെ നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴുകയും ചെയ്തു.
കാവേരി ഹൗസിന് പുറത്തുള്ളവരുമായുള്ള എൻറെ ബന്ധം വെറും വ്യാപാരത്തിനു വേണ്ടിയാണെന്നും എൻറെ ദേശഭക്തി നിസ്തുലമാണ് എന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പൂർണ്ണമായും വിജയിച്ചില്ല.
ഞാനും സാബിറും തമ്മിലുള്ള സുഹൃത്ത് ബന്ധം മാതൃകാപരമായിരുന്നെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. എന്ത് കിട്ടിയാലും ഞങ്ങൾ മറ്റേയാൾക്ക് കൂടി കൊടുക്കുമായിരുന്നു നിസ്സാര സാധനങ്ങളായ ബിസ്ക്കറ്റ് ബ്രഡ് കേക്ക് എന്നിവയല്ല ഉദ്ദേശിച്ചത്
മറിച്ച് വിശിഷ്ട വസ്തുക്കളായ മനുഷ്യശരീരത്തിലെ പരാദജീവികളായ പേൻ,മൂട്ട, ബാക്ടീരിയ വൈറസ് എന്നിവയെയാണ് ഉദ്ദേശിച്ചത്.
.അങ്ങനെ ഞാൻ എവിടെനിന്നോ കഷ്ടപ്പെട്ട് സമ്പാദിച്ച ഒരു വൈറസിനെ സാബിറിനും കൊടുത്തിരുന്നു.
3 ബെഡ് അപ്പുറത്തുണ്ടായിരുന്ന എസ്. കെ.ക്കും കിട്ടിയിരുന്നു.
അങ്ങനെ ഞങ്ങൾ മൂന്നു പേരും കൂടി സിക്ക് ലീവും കിട്ടി ഹോസ്റ്റലിരിക്കുന്ന ഒരു ദിവസം . നൂറാം കോൽ കളിച്ചു കളിച്ചു ബോറടിയായി.
മൂന്ന് പേർക്കും വല്ലാത്ത വിശപ്പ്.
ഉച്ചഭക്ഷണം കിട്ടണമെങ്കിൽ രണ്ടു മണിക്കൂറെങ്കിലും കഴിയണം.
എസ് കെ സാബിറിനോട് ചോദിച്ചു
എടാ..എല്ലാവൻമാരുടെയും പെട്ടി തുറന്നു നോക്കിയാലോ എന്തെങ്കിലും കിട്ടാതിരിക്കില്ല.
പാരൻസ് ഡേകഴിഞ്ഞിട്ട് ഇത്രയല്ലേ ആയിട്ടുള്ളൂ.
എനിക്ക് അതത്ര നല്ല ആശയമായി തോന്നിയില്ല കാരണം മറ്റൊന്നുമല്ല ഇതിനകം തന്നെ പലരുടേയും ഗുണ്ടാ സ്വഭാവം ബിസിനസിൻറെ ഇടയിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ് .അതുകൊണ്ട് ഞാൻ എതിർത്തു.
അപ്പോൾ സാബിർ പറഞ്ഞു .
"എടാ ബോബിൻറെപെട്ടിയിൽ ബൂസ്റ്റ്ഉണ്ട് .എനിക്ക് ഇന്നലെ അവൻ തന്നതാ .
ഇത്തിരി എടുക്കാം. അവനറിയില്ല
എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് രാത്രി ഇരുട്ടത്ത് മാത്രേ അവന് അത് തുറക്കാറുളളൂ. " മൂന്നുപേരും ആ ആശയം അംഗീകരിച്ചു.
ഓരോ സ്പൂൺ വീതം ബൂസ്റ്റ് എടുത്തു കയ്യിൽ
തന്നിട്ട്
സാബിർ രണ്ട് സ്പൂൺ എടുത്തു
കാരണം ആശയത്തിൻറെ പിതൃത്വം അവന്അവകാശപ്പെട്ടതാണല്ലോ.
ഞങ്ങളും അംഗീകരിച്ചു.
രണ്ടോമൂന്നോ റൗണ്ട് നൂറാം കോൽ കൂടി കളിച്ചു. എസ് കെ ചോദിച്ചു.

"എടാ ഒരു സ്പൂൺ കൂടി എടുത്താലോ. എന്തായാലും അവൻ അറിയാനൊന്നും പോകുന്നില്ല."
ഇത്തവണ എല്ലാവർക്കും തുല്യമായിരുന്നു- ഒന്നിനു പകരം രണ്ട് സ്പൂൺ വീതം.
നൂറാം കോൽ കളിയുടെ ബോറടി മാറ്റാൻ പിന്നെയും ബോംബിൻറെ പെട്ടിയുടെ മൂടി തുറന്ന് അടഞ്ഞു; പലതവണ!
കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ ബൂസ്റ്റ് കുപ്പി ഏതാണ്ട് കാലി!
ഇനി എന്ത് ചെയ്യും!!.
ആരുടെ തലയിലും ഒന്നും കത്തുന്നില്ല.
ഉച്ചഭക്ഷണത്തിൻറെ മണിമുഴങ്ങി .കുട്ടികൾ എല്ലാവരും വന്നു .
ഭക്ഷണം കഴിക്കാൻ വരി നിന്നു.
സ്വതവേ വിശപ്പിൻറെ ആശാനായ എനിക്ക് ഒന്നും വേണമെന്ന് തോന്നുന്നില്ല. കാരണം കഴിച്ച ബൂസ്റ്റൊക്കെ വയറിനുള്ളിൽ കിടന്നു കുത്തി മറിയുകയല്ലേ!
ഭക്ഷണം കഴിച്ച ശേഷം ബോബിനൊക്കെ റൂമിൽ വന്ന് വേഗം പുറത്തേക്കു പോയി .ഞാൻ ആശ്വാസത്തോടെ എസ്കെ യെനോക്കി ഭാഗ്യം! അവൻ പെട്ടി തുറന്നു നോക്കിയിട്ടില്ല .
എല്ലാവരും പോയ ഉടനെ ഞങ്ങൾ മൂന്ന് പേരും യോഗം കൂടി.
'എന്ത് ചെയ്യണം.'തലപുകഞ്ഞു കൊണ്ടിരിക്കെ എസ് കെയുടെ നാക്കിൽ നിന്നും ഒരു പിഴവാക്ക് പുറത്തുചാടി.
"സാബിറേ, നീ ആദ്യത്തെ തവണ രണ്ട് സ്പൂൺ എടുത്തില്ലേ?"
ഇതുകേട്ടതും സാബിറും അതേറ്റുപിടിച്ചു. രണ്ടുപേരും പൊരിഞ്ഞ വഴക്കായി. വഴക്കിനൊടുവിൽ
സാബിർ ഉറക്കെ പറഞ്ഞു "ഞാൻ ബോബിൻറെ ഉറ്റ സുഹൃത്താണ്. ഞാൻ കഴിച്ചു എന്നു പറഞ്ഞാൽ ബോബിൻ ഒന്നും പറയില്ല. ഉള്ളസത്യമൊക്കെ ബോബിനോട് പറയാൻ പോവുകയാണ്."
ഇത്രയും പറഞ്ഞു കൊണ്ട് സാബിർ പുറത്തേക്ക് പോയി .
ഞാൻ എസ് കെ യെനോക്കി.
പാലപ്പുറത്തുകാരൻ കരാട്ടെകാരൻറെ മികവോടെ താഴേക്ക് ചാടിക്കൊണ്ട് എസ് കെ പറഞ്ഞു
"വരുന്നത് വരട്ടെ"
ഞാൻ ആകെ അങ്കലാപ്പിലായി. ഇത്തരമൊരു ഡെവലപ്മെൻറ് തീരെ പ്രതീക്ഷിച്ചതല്ല. ഞാൻ സാബിറിൻറെ അടുത്തേക്ക് നടന്നു.
കാവേരി ഹൗസിൽ നിന്നും കാണാതായ സാധനങ്ങളുടെ നീണ്ട ലിസ്റ്റ് എൻറെ പിന്നാലെ വരുന്നതായി തോന്നി.
മയത്തിൽ സാബിറിനോട് ചോദിച്ചു .
"നീ എൻറെ പേര് പറയല്ലടാ..."
"എസ് കെ എന്നെ കുറ്റം പറഞ്ഞപ്പോൾ നീ ഒരക്ഷരം പറഞ്ഞില്ലല്ലോ നീ അവൻറെ സൈഡാ"
"എപ്പോ ....
ഞാൻ അപ്പോഴേ പറഞ്ഞില്ലേ നീ രണ്ടു സ്പൂൺ എടുത്തതിൽ ഒരു തെറ്റും ഇല്ലെന്ന്."

"ങൂം...,പിന്നെ ബോബി നോട് എന്തു പറയണം"

"നീ മാത്രം തിന്നൂന്ന് പറഞ്ഞാൽ മതി .
നീ തിന്നു എന്നു പറഞ്ഞാൽ അവൻ ഒന്നും പറയില്ല.
വേണമെങ്കിൽ ആ എസ്. കെയുടെ പേരുകൂടി പറഞ്ഞോ...
എന്തായാലും എൻറെ പേര് പറയരുത് ."
ഞാൻ കാര്യം അവതരിപ്പിച്ചു.
സാബിർ എൻറെ നേരെ ഒരു നോട്ടം.
"എനിക്കെന്താ മെച്ചം അങ്ങനെ ചെയ്താൽ"
"ഒരാഴ്ചത്തെ രാവിലെ കിട്ടുന്ന പാൽ മുഴുവനും"
ഞാൻ ഓഫർ മുന്നോട്ടു വച്ചു.
"മുഴുവനും??"
"ങാ.. മുഴുവനും"
"അങ്ങനെയാണെങ്കിൽ നോക്കട്ടെ" കരാറുമായി.
വൈകുന്നേരം ബോബിൻ വന്ന പാടെ സാബിർ അവനെയും കൊണ്ടുപോയി .മരത്തിൻ റെചുവട്ടിൽ വച്ച് എന്തൊക്കെയോ പറയുന്നുണ്ട് .
ബോബിൻ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട്.
സാബിർ കൂപ്പുകൈകളോടെ എന്തൊക്കെയോ കെഞ്ചുന്നുണ്ട്.
അവസാനം ബോബിൻ തിരിച്ചുവന്നു. എസ് കെ യോട് ദേഷ്യത്തോടെ പറഞ്ഞു.
"ന്നാലും എസ്. കെ. നിങ്ങൾ ചെയ്തത് തീരെ ശരിയായില്ല."
ഞാൻ സാബിറിനെ നോക്കി
അവൻ എന്നെ നോക്കി കണ്ണിറുക്കി.
ഭാഗ്യം എൻറെ പേര് പറഞ്ഞിട്ടില്ല . ഞാൻ വേഗം ബക്കറ്റും എടുത്ത് കുളിക്കാനുള്ള വെള്ളമെടുക്കാനായി കനാലിലേക്ക് നടന്നു. മലമ്പുഴ ജലസേചന പദ്ധതിയുടെ കനാലാണത്. ഉപയോഗിക്കുന്നത് ഞങ്ങളും. ആ കനാലിലൂടെ പിന്നെ കുറെയേറെ വെള്ളം ഒഴുകി;പാൽ എൻറെ കപ്പിലൂടെ സാബിറിൻറെ വയറ്റിലേക്കും.കുറച്ചു ദിവസത്തിന് ശേഷം ഞാനും ബോബിനും കൂടി ഒരു ദിവസം ഇതുപോലെ സിക്ക് ലീവ് എടുത്ത് ഇരിക്കേണ്ടി വന്നു. ഞാൻ ഒന്നുമറിയാത്തവനെപ്പോലെ ചോദിച്ചു.
"ബോബിനേ.. അന്നൊരിക്കൽ നിൻറെ ബൂസ്റ്റ് തിന്നു തീർത്ത കഥ ഓർമ്മയുണ്ടോ?"
"ങാ...ഓർമ്മയുണ്ട് എന്നാലും നിനക്ക് എങ്ങനെ കഴിഞ്ഞെടാ .
ആ സാബിറിന് ഒരു സ്പൂൺ എങ്കിലും കൊടുക്കാതെ മുഴുവൻ തിന്നു തീർക്കാൻ?!?!
ചോദിച്ചാൽ വിഷമം കാരണം നീ എങ്ങോട്ടെങ്കിലും ഓടിപ്പോയ്കളയും എന്ന് പറഞ്ഞ് അവൻ കാലുപിടിച്ചതുകൊണ്ട് അന്ന് ഞാൻ ഒന്നും മിണ്ടാതിരുന്നതാ............."

സ്തബ്ധനായ ഞാൻ മാറിമാറി നോക്കി കൈയിലുണ്ടായിരുന്ന കാലിഗ്ലാസിലേക്കും .........പിന്നെ എൻറെ കാലിലെ മസിലിലേക്കും...

ഭാഗം 3

ചക്കയുടെ ഉള്ളിലേക്ക് പോകുന്ന ഉറുമ്പിൻ കൂട്ടത്തിൻറെ കഥ പോലെയാണത്.....
അകത്തു പോയവനെ പുറത്തേക്ക് കാണാതാകുമ്പോൾ പുറത്തുള്ളവൻ വിചാരിക്കും അകത്ത് എന്തോ കാര്യമായ സംഭവമാണെന്ന്.... പുറത്തുള്ളവനറിയില്ലല്ലോ ചക്ക മുളഞ്ഞിൽ കുടുങ്ങിക്കിടക്കുകയാണ് അകത്തുള്ളവനെന്ന്.

ഞാൻ പറഞ്ഞുവരുന്നത് ഞങ്ങളുടെ നവോദയ ജീവിതം തുടങ്ങിയിട്ടുള്ള ആദ്യത്തെ ഒന്നു രണ്ടു മാസമാണ്. ഇങ്ങനെ തുടരുന്ന ഒരു
കൂട്ടം മുമുക്ഷുകൾ,
"മേരാ നമ്പർ കബ് ആയേഗാ "എന്ന് ജപിച്ചുകൊണ്ടു പുറത്തും,
"മേരാ ദിൻ കബ് ആയേഗാ"
എന്ന പ്രതീക്ഷയോടെ അകത്തും കാലം കഴിച്ചു കൊണ്ടിരുന്നു.

കുറച്ചു കാലങ്ങൾക്കു ശേഷം,അങ്ങനെ നമ്പർ വീണ മൂവർക്കായി നവോദയയുടെ കവാടങ്ങൾ മലർക്കെ തുറക്കപ്പെട്ടു. ആ മൂന്നു പേരായിരുന്നു കണ്ണൻ, രതീഷ്, അനൂപ്.

കാവേരി ഹൗസിലെത്തിയ രതീഷ് ഒരു പാവമായിരുന്നു.ഒതുങ്ങിയ ശരീരപ്രകൃതി, ശാന്ത പ്രകൃതം .ആരോടും വഴക്കിനില്ല. എല്ലാവരോടും തികഞ്ഞ ബഹുമാനം.

കണ്ണൻ നേരെ മറിച്ചായിരുന്നു. കണ്ടാൽ ഒരു ആന .
ഒച്ച ഡോർമെട്രി മുഴുവൻ കേൾക്കാം ..
മൂക്കത്താണ് ശുണ്ഠി.
എന്തെങ്കിലും ചെയ്തു പോയാൽ പിന്നെ വീണ്ടുവിചാരമായി. സങ്കടമായി ....
ചുരുക്കി പറഞ്ഞാൽ ആറാളുടെ ശക്തിയും ആറുവയസ്സുകാരൻറെ ബുദ്ധിയുമുള്ള ഒരു പുട്ടുറുമീസ്....

തല്ലുകൊള്ളിത്തരം രാവിലെ എവിടെനിന്നെങ്കിലും രണ്ട് കൈയും കാലും ഫിറ്റ് ചെയ്തു, വെള്ള ഷർട്ടും വെള്ള ട്രൗസറും ഇട്ടിറങ്ങിയാൽ അതായിരുന്നു മൂന്നാമൻ ..അനൂപ്.
നമുക്ക് ആരുടെയെങ്കിലും ഉയർച്ചയിൽ അസൂയ തോന്നി എന്നിരിക്കട്ടെ. ഒരു കാര്യം ചെയ്താൽ മതി, ഈ ഈഅനൂപിൻറെ അടുത്ത് ഒരു അഞ്ചുമിനിറ്റ് നിർത്തി കൊടുത്താൽ മതി.

ഇവർക്കു പുറമേ മറ്റാരൊക്കെയോ ഉണ്ടായിരുന്നു പെൺകുട്ടികളായിട്ടും ഒക്കെ ... മുഴുവനും ഓർമ്മ വരുന്നില്ല .ചിലതൊക്കെ കാലം തട്ടിക്കൊണ്ടുപോയി.

ക്ലാസ്സ് തുടങ്ങി കുറച്ചു കാലം കഴിഞ്ഞത് കൊണ്ട്, ഇവർക്ക് മിസ്സായ ക്ലാസിലെ നോട്ടുകൾ കൊടുക്കാൻ 'മിസ്സ്' ഞങ്ങളെ ഏൽപ്പിച്ചു: ശ്രീശോഭ്, ഹരീഷ് പിന്നെയീ ഞാനും.

നിളാ ഹൗസിലെ കണ്ണന് നോട്ട് കൊടുക്കാൻ ഏൽപ്പിച്ചത് ശ്രീശോഭിനെയാണ്. അപ്പോൾ ന്യായമായും കാവേരി ഹൗസിലെ രതീഷായിരിക്കുമല്ലോ എനിക്ക്.എന്നാൽ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. ഹരീഷും കാവേരി ഹൗസ് ആയതിനാൽ ആ ജോലിക്ക് ഹരീഷ് നിയോഗിക്കപ്പെട്ടു.
വിധി ഏൽപ്പിച്ചത് എന്തും സന്തോഷത്തോടെ മാത്രം സ്വീകരിച്ചുപോന്ന എനിക്കറിയില്ലായിരുന്നു പരീക്ഷകളുടെയല്ല പരീക്ഷണങ്ങളുടെ കാലമാണ് എന്നെ കാത്തിരിക്കുന്നതെന്ന്.

നോട്ടെഴുത്തു പരിപാടി ഏതാണ്ട് ഒരാഴ്ച കൊണ്ട് തീർന്നെങ്കിലും കണ്ണനും രതീഷും അവരവരുടെ മെൻറ്റേഴ്സിൻറെ കൂടെ തന്നെയായിരുന്നു. പ്രത്യേകിച്ചും അതാത് ഹൗസ്കൂടി ആയിരുന്നല്ലോ. ഒച്ചപ്പണ്ടാരമായിരുന്ന കണ്ണൻ ശ്രീ ശോഭൻറെയടുത്ത്സൗമ്യനാകുന്ന കാഴ്ച എൻറെ മനസ്സിനെ സ്പർശിച്ചു ..എനിക്കില്ലാതെ പോയ ഭാഗ്യം.....
ആയിടക്ക് ഒരു പരീക്ഷ നടത്തി. ആദ്യം കിട്ടിയ ഉത്തരപേപ്പർ മലയാളമായിരുന്നു വൈകിവന്ന കണ്ണന് മറ്റു പലരേക്കാളും മാർക്ക്,!!!
കണ്ണനാകട്ടെ വിനയാന്വിതനായി ഇതെല്ലാം ശ്രീശോഭനുകൂടി അർഹതപ്പെട്ടതാണെന്ന് പരസ്യമായി പറഞ്ഞു.
അടുത്ത രണ്ട് വിഷയങ്ങളുടെ പേപ്പർ കൂടി പുറത്തുവന്നതോടെ ശ്രീ ശോഭ് എന്ന മുല്ലയുടെ പൂമ്പൊടി കൊണ്ടുപോകാനായി പാണ്ടി ലോറികൾ ക്യൂ നിൽപ്പായി...
അവസാനമാണ് കണക്കിൻറെ പേപ്പർ കിട്ടിയത് .
ഇത്തവണ കണ്ണനു മാർക്ക് കുറവായിരുന്നു എല്ലാവരും ചോദിച്ചു .
"എന്തുപറ്റി"
കണ്ണൻ ഗുരുവിനെ സംരക്ഷിച്ചുകൊണ്ട് പറഞ്ഞു.

"മുല്ലപ്പൂമ്പൊടിക്കും ഇല്ലെടേയ് ഒരു ലിമിറ്റൊക്കെ...".

എനിക്ക് നേരിടേണ്ടി വന്ന പരീക്ഷണങ്ങൾ കാണ്ഡം കാണ്ഡമായി നീണ്ടുകിടക്കുന്നതിനാൽചുരുക്കി പറയുക മാത്രമേ സാധ്യമാവുകയുള്ളൂ.
അനൂപ് ഇംഗ്ലീഷ് മീഡിയം ആയിരുന്നു .(ഈ വേദ ഭാഷ അറിയാവുന്നതുകൊണ്ട് ദൈവങ്ങളോടൊക്കെ നേരിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാമായിരുന്നു, എന്ന് ചുരുക്കം...).

നോട്ട് എഴുതാൻ ഏൽപ്പിച്ചതിൻറെ രണ്ടാമത്തെ ദിവസം തന്നെ ക്ലാസ്സിൽ ചോദ്യം ചോദിച്ചിരുന്നു .അവൻ ചാടി കേറി ഉത്തരം പറഞ്ഞു .ഉത്തരം ശരിയായിരുന്നു. എല്ലാവരും ഞെട്ടി.
മാഡം അടുത്ത ചോദ്യം ചോദിച്ചു . അതും ശരിയായിരുന്നു.
നീണ്ട ചോദ്യാവലിയുടെ അവസാനം പറഞ്ഞു. "എല്ലാവരും അനൂപിനെ കണ്ടുപഠിക്കണം എത്ര മിടുക്കനാണവൻ . എത്ര പെട്ടെന്നാണ് കാര്യങ്ങളൊക്കെ പഠിച്ചെടുത്തത്.."
അത്ര നേരം താഴത്തെ തട്ടിൽ നോട്ട് ബുക്കും തുറന്നു വെച്ചു കൊണ്ട് ഉത്തരം കാണിച്ചു കൊടുത്ത എന്നെ അവൻ കണ്ട ഭാവം നടിച്ചില്ല.

അടുത്ത പിരീഡ് സയൻസ് ആയിരുന്നു. ചെമ്പരത്തി പൂവിൻറെ ഭാഗങ്ങൾ ആണ് പാഠ്യവിഷയം .മെയിൽ റീപ്രൊഡക്ടിവ്ഓർഗൻ ഏത് ?പഴയ നമ്പർ എടുത്ത ചെക്കൻ എണീറ്റു നിന്നു.
ഇത്തവണ ഡെസ്കിൻറെ തട്ട് ശൂന്യം.!!!
അനൂപ് നീ ശ്രമിച്ചു നോക്ക്
മാഡം പ്രോത്സാഹിപ്പിച്ചു കൊണ്ട് ചോക്ക് അവൻറെ നേരെ നീട്ടി.എനിക്ക് സങ്കടം തോന്നി ഞാൻ കാണിച്ചു കൊടുത്തു.
ഉത്തരം ശരിക്കുകാണുന്നതിനു മുൻപ് ചെക്കൻ വിളിച്ചുകൂവി
.ക്ലാസ് മുഴുവൻ കൂട്ടച്ചിരിയായി.

മാഡം പറഞ്ഞു
"ഇതിത്ര ചിരിക്കാൻ ഒന്നുമില്ല . സ്പെല്ലിങ് മിസ്റ്റേക്ക് അല്ലേ! എഴുതിയെടുത്തപ്പോൾ തെറ്റിയതായിരിക്കും .
നീ ആരുടെ നോട്ട് നോക്കിയിട്ടാ പകർത്തി യെഴുതിയത് ."
അനൂപ് പറഞ്ഞ ഉത്തരം പ്രത്യേകം പറയേണ്ടതില്ലല്ലോ . 'അടി മുഴുവൻ ചെണ്ടക്കും പണം മുഴുവൻ മാരാർക്കും !!'
ഇതായിരുന്നു കുറച്ചുകാലത്തെ എൻറെ അവസ്ഥ.

വിജ്ഞാനത്തിൻറെ മേഖലയിൽ പ്രയോഗിച്ച് കളയുന്ന ബുദ്ധി റീസൈക്കിൾ ചെയ്താണ് ക്ലാസിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ അനൂപ് പഠിക്കുന്നതെന്ന് ആയിടക്കാണ് എനിക്ക് മനസ്സിലായത്.
അതിൽ പലതും ഒരു ആറാം ക്ലാസിലെ പയ്യന് പോയിട്ട് പത്താം ക്ലാസ്സിൽ ഉള്ളവർക്കുപോലും ചിന്തിക്കാവുന്നതാ യിരുന്നില്ല.
ഒരു ഉദാഹരണം പറയാം ഒരു ദിവസം രാത്രി അനൂപ് എൻറെ യടുത്തേക്ക് വന്നു.
എച്ച്ഐവി എന്ന വൈറസിനെ കുറിച്ച് കേട്ടു തുടങ്ങുന്ന കാലം. എച്ച്ഐവി പകരുന്ന വിവിധ മാർഗങ്ങളെക്കുറിച്ച് അനീഷും അനൂപും അന്നു നടത്തിയ ചർച്ച!!! വർഷങ്ങൾക്കുശേഷം ഞാൻ മെഡിക്കൽ കോളേജിൽ എത്തി,മൈക്രോബയോളജി മുഴുവൻ പഠിച്ചു കഴിഞ്ഞിട്ടും എനിക്ക് ഇവർക്കുള്ളത്ര വിവരം ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല.(ഉത്തരം വായിച്ച പ്രൊഫസർ രണ്ടുദിവസത്തേക്ക്എന്നെ മൈക്രോബയോളജിയിൽ നിന്ന് പുറത്തുവിട്ടില്ല.)

ഇങ്ങനെ പറഞ്ഞാൽ തീരാത്തതും പറയാനാകാത്തതുമായ ഒട്ടേറെ വിഷയങ്ങളിൽ അനൂപ് എൻറെഗുരുവാണെങ്കിലും അടി കിട്ടാറായാൽ ഒച്ചിൻറെ വഴക്കമായിരുന്നു അവന്.

കണ്ണന് അന്ന് ക്യാരംസ് കളിക്കാവുന്ന ചെറിയൊരു ബോർഡ് ഉണ്ട്. എല്ലാവരും അതിൽ കളിക്കാനായി ക്യൂ നിൽക്കും. ഒരു കളി കഴിഞ്ഞാൽ കണ്ണൻ ഗൗരവത്തിൽ പറയും.
"നെക്സ്റ്റ്......" പിന്നെ ക്ഞ്ചിയിട്ടൊന്നും കാര്യമില്ല.

ഞങ്ങളുടെ കൂട്ടുകെട്ട് ജീവനുതന്നെ ഭീഷണിയാകുന്ന അത്യപകടങ്ങളിലേക്ക് കൊണ്ടുപോയ സന്ദർഭങ്ങളും വിരളമല്ല.

വേനൽക്കാലമായാൽ അന്നൊക്കെ വെള്ളക്ഷാമം രൂക്ഷമായാൽ അടുത്തുള്ള പുഴയിൽ കുളിക്കാൻ വിടുമായിരുന്നു. ഒരു തവണ കുളിക്കാൻ ചെന്നപ്പോൾ അവിടെ കുറച്ചു കുട്ടികൾ. അന്നാട്ടിൽ ഉള്ളവരാണ്.
ഞങ്ങളുടെ കുളി കഴിയുമ്പോൾ സാധാരണ ആ വെള്ളം പിന്നെ കൊക്കിനു കുളിച്ച് കാക്കയാകാൻ മാത്രമേ പറ്റൂ എന്ന അവസ്ഥയിൽ എത്താറുണ്ട്.ഇത് കാരണം ഞങ്ങൾക്ക് മുന്നേ അവരെ കുളിപ്പിച്ചെടുക്കുകയാണ് ബുദ്ധി .ഇതുകണ്ട് നേരത്തെ കുളിക്കാൻ വിട്ടതാണ് അവരെ.

സംഘബലത്തിൻറെ ഉശിരിൽ അനൂപ് അവരെ വിരട്ടി വീട്ടിലേക്ക് ഓടിച്ചു .ഞങ്ങൾ ഓരോരുത്തരായി വെള്ളത്തിലേക്ക് ചാടിത്തുടങ്ങി..

"ആരാടാഎൻറെ കുട്ടികളെ കുളിക്കാൻ സമ്മതിക്കാത്തത്" എന്നലറിക്കൊണ്ട് ഒരു തടിമാടൻ വരുന്നു.

വെള്ളത്തിലായിരുന്ന അനൂപ് മുങ്ങാംകൂളിയിട്ടു.
അനൂപിൻറെസ്വഭാവം അറിയാമായിരുന്ന കണ്ണൻ അടി ഉറപ്പാക്കി നിന്നു. പ്രേം സരിൻ ഈ കൂട്ടത്തിലെ അല്ല എന്ന ഭാവത്തിൽ നിന്നു, ഞാൻ ഓടാനുള്ള വഴി നോക്കിക്കൊണ്ട്.

ഞാനല്ല അത് അവനാ..എന്നുപറഞ്ഞുകൊണ്ട് അനൂപിനെ ചൂണ്ടിക്കാണിക്കാൻ നോക്കിയ കണ്ണൻ കാണുന്ന കാഴ്ച ഭീകരമായിരുന്നു .
അനൂപ് നില കിട്ടാതെ മുങ്ങിപ്പൊങ്ങുന്നു!!!. കൈകാലിട്ടടിക്കുന്നു.കണ്ണുതുറിച്ചു വരുന്നു...
കണ്ണൻ വേഗം വെള്ളത്തിലേക്ക് എടുത്തുചാടി .അവന്പിടിച്ചാൽ കിട്ടുന്നില്ല. അനൂപ് വെപ്രാളം കൊണ്ട് അവൻറെ കഴുത്തിൽപിടിക്കുകയാണ്. കണ്ണനും വെള്ളത്തിൽ താഴുമോ എന്ന് പേടിയായി.
തടിമാടൻ വേഗം വെള്ളത്തിൽ ചാടി അനൂപിനെ വലിച്ച് കരക്കിട്ടു.ഒരുവിധം രക്ഷപ്പെട്ട ആശ്വാസത്തോടെ ഞങ്ങളൊക്കെയൊന്ന് ശ്വാസം വിട്ടു . തടിമാടൻ അയാളുടെ പാട്ടിനു പോയി.

അയാൾ പോയതും കണ്ണൻ അനൂപിനോട് ചോദിച്ചു
"ഞാൻ അപ്പോഴേ നിന്നോട് പറഞ്ഞതല്ലേ ചെളിയുള്ള ഭാഗത്തു മുങ്ങണ്ടാന്ന്"
പൊട്ടിച്ചിരിച്ചുകൊണ്ട് അനൂപ് പറഞ്ഞു.
"ഹ..ഹ..ഹ.. അയാളുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ഞാനൊരു നമ്പറിട്ടതല്ലേ. ഞാൻ ശരിക്കും മുങ്ങിച്ചാവുക യാണെന്ന് നീ വിചാരിച്ചു വല്ലേ. എങ്ങനെയുണ്ടായിരുന്നു എൻറെ നമ്പർ"

ഠേ!!! ശബ്ദം മാത്രമേ ഞങ്ങൾ കേട്ടുള്ളൂ അനൂപിൻറെ എവിടെയാണ് അടി കൊണ്ടതെന്നൊന്നും മനസ്സിലായില്ല.

"ഇത് ഞാനും ഒരു നമ്പറിട്ടതാ "കണ്ണൻ പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും അതേ സീൻ .ഇതിനിടയ്ക്ക് ചെറിയ മഴ പെയ്തിരുന്നു വെള്ളം കുറച്ചു കൂടിയിട്ടുമുണ്ട്. ഈ സമയം കൊണ്ട് അവിടത്തുകാരായ കുട്ടികളുമായി ഞങ്ങൾ സൗഹൃദത്തിലായിരുന്നു.
നല്ലവണ്ണം നീന്താൻ അറിയുന്നവർ ആഴമുള്ള ഒരു കുണ്ടിൽ കുത്തിമറിഞ്ഞു കളിക്കുന്നത് ഞങ്ങൾ കണ്ടു നിൽക്കുകയാണ്. "അവൻറെ ആ സിസർകട്ട് ചാട്ടം അടിപൊളിയായി അല്ലേടാ" അനൂപ് പറഞ്ഞു.
"ഹേയ് ഇതൊക്കെ എന്ത് ?"ഞാൻ വെറുതെ ഒന്ന് പുച്ഛിച്ചു.
"എന്നാ നീയൊന്ന് ചാടിക്കേ" എന്നായി അനൂപ്.
"വേണ്ട സുനിലേ, നീ ചാടണ്ട."കണ്ണൻ പറഞ്ഞു .
"അവരൊക്കെ വലിയ നീന്തൽകാരാ."
"അതിനെന്താ സുനിലും നന്നായി നീന്തും" അനൂപ് എന്നെ വിടാനുള്ള ഭാവമില്ല
"വേണമെങ്കിൽ തന്നെ നാളെയാകാം. ഇന്ന് നമ്മുടെ കൂടെ വന്നവരൊക്കെ പോയി നമുക്ക് വേഗം പോകാം" കണ്ണൻ.
"ഓ ഇതിന് ഒരു മിനിറ്റ് അല്ലേ വേണ്ടൂ നീ ചാടടാ..."അനൂപ് പിന്നെയും എന്നെ പിരികേററി.

"വേണ്ട "ഞാനും തുവർത്തി കൊണ്ട് പറഞ്ഞു.
"അല്ലെങ്കിലും ഇതിനൊക്കെ ധൈര്യം വേണമെടാ" അനൂപ്ട്രൗസർ വലിച്ചു കേറ്റിക്കൊണ്ട് പറഞ്ഞു.
"ഇതൊക്കെ ആൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ളതാ".
അപ്പോൾ മുകളിൽ നിന്നും പ്രം സരിൻ വിളിച്ചുപറഞ്ഞു. "വേഗം വന്നോടാ നേരം വൈകുന്നവർക്ക് പണിഷ്മെൻറ് ഉണ്ടത്രേ."

എൻറെ മനസ്സിൽ അനൂപ് കോരിയിട്ട തീ ആളിക്കത്തി .അവൻ എൻറെ ധൈര്യത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത് .ഒന്നമില്ലെങ്കിലും ഞാൻ അവൻറെ ഗുരുവല്ലേ... നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിച്ചേ തീരൂ..

ഞാൻ നോക്കി; കരക്ക് നീന്തൽ അറിയാവുന്ന മുതിർന്നവർ കുറച്ചുപേരുണ്ട് . എന്തായാലും അവർക്ക് രക്ഷിക്കാവുന്ന ആഴമേ കാണൂ, കുഴിക്ക്.
ചാടുക തന്നെ.
വീണ്ടും ബനിയൻ അഴിച്ചുമാറ്റി ഞാൻ ചാടാൻ തയ്യാറായി വന്നു. പേടി തോന്നിയെങ്കിലും, അഭിമാനം എന്നെ കുണ്ടിൽ ചാടിച്ചു.
വെള്ളത്തിനടിയിൽ എത്തിയ എനിക്ക് അടി കാണുന്നില്ലെന്ന് മനസ്സിലാക്കാൻ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ ആത്മാഭിമാനവും ധൈര്യവും ഒക്കെ ഒലിച്ചുപോയ ഞാൻ വെള്ളത്തിൽ കൈകാലിട്ടടിച്ചു, കണ്ണും പുറത്തേക്ക് തള്ളി ,പ്രാണവായുവിന് വേണ്ടി പിടഞ്ഞു. വെപ്രാളപ്പെട്ട് കുറേ വെള്ളം കുടിച്ചു . മുങ്ങിപ്പൊങ്ങി. കരയ്ക്കു നിൽക്കുന്ന മുതിർന്നവർ ഒന്നും തൻറെ രക്ഷക്ക് എത്തിയില്ല.
അടിയിലെ ചെളിയിലും കാൽ പൂന്തി പോയി. എങ്ങനെയൊക്കെയോ ദൈവത്തിൻറെ സഹായം കൊണ്ടാവണം ഒഴുക്കിൽ ഞാൻ കാലുകുത്താവുന്ന സ്ഥലത്തെത്തി. അവിടെനിന്നും രക്ഷപ്പെട്ടു കരയ്ക്കുകയറിപ്പോന്നു. ജീവൻ തിരിച്ചു കിട്ടിയ ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് മുകളിലേക്ക് നടന്നു കയറി തുടങ്ങി .നേരം വൈകി എത്തുന്ന വരെ സ്വീകരിക്കുന്ന പണിഷ്മെൻറിൻറെ രസകരമായ കാഴ്ച അവിടെ ദൂരെ നിന്നേ കാണാമായിരുന്നു...

എനിക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ഞാൻ രക്ഷപ്പെട്ടതെങ്ങനെയെന്ന്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അത്.
കൂടെ നടക്കുന്ന കണ്ണനും വിശ്വാസം വരാതെ എന്നെ തന്നെ നോക്കുകയായിരുന്നു.. ഞാൻ ഇടയ്ക്കിടയ്ക്ക് ചുമയ്ക്കുന്നുണ്ട്. കുടിച്ച വെള്ളം ഇത്തിരിയിത്തിരിയായി തുപ്പിക്കളയുന്നുമുണ്ട്.

കയറ്റത്തിൻറെ കാൽഭാഗമേ കയറിയിട്ട് ഉണ്ടാവൂ, എനിക്ക് വല്ലാത്ത മസിൽപിടുത്തം- കാലിൽ. കുറേ നീന്തിയതിൻറേയും ബാക്കി ടെൻഷനടിച്ചതിൻറേയും.

ഞാൻ കണ്ണനോട് പറഞ്ഞു "ഇത്തിരി ഇരിക്കാം എന്തായാലും അടി വാങ്ങാനല്ലേ ഓടിപ്പോകുന്നത്."
ഞങ്ങൾ അവിടെ ഇരുന്നു. കണ്ണൻ എൻറെ കാലുപിടിച്ച് തിരുമ്മിത്തന്നു. ഞാൻ അവനെ നോക്കി ചോദിച്ചു
"എന്നാലും ആ കരക്കു നിന്നവർ ഒരാളും രക്ഷിക്കാൻ വന്നില്ലല്ലോ.
അത്ഭുതമായിരിക്കുന്നു."

കണ്ണൻ ഒച്ച താഴ്ത്തി പറഞ്ഞു.
"സുനിലേ, ഞാനാ ആ ചേട്ടനോട് ചാടണ്ട എന്നു പറഞ്ഞത്."
"ങേ..........."എൻറെ ശ്വാസത്തിന് അവസാനം ഉണ്ടായിരുന്നില്ല.

"ഞാൻ വിചാരിച്ചു നീ നമ്മുടെ അനൂപിൻറെ നമ്പറിട്ടതാണെന്ന്.
സാറിൻറെ പണിഷ്മെൻറിൽനിന്നും രക്ഷപ്പെടാൻ......."
അഭിപ്രായങ്ങൾ
നിങ്ങളുടെ അഭിപ്രായം